
തൃത്താല: കേരളപ്പിറവിയുടെ ഭാഗമായി അയ്യൂബി ഗേൾസ് വില്ലേജ് സ്റ്റുഡന്റ്സ് യൂണിയൻ അഹ്‌ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ വിദ്യാർത്ഥികൾ കേരളത്തിന്റെ ഭൂപടം സ്റ്റിൽ മോഡലായി നിർമ്മിച്ചു.മോഡലിൽ കേരളത്തിലെ പതിനാലു ജില്ലകളുടെ സവിശേഷതകളും സാംസ്കാരിക മുഖച്ഛായയും പ്രതിഫലിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ സെക്രട്ടറിയേറ്റും ലൈറ്റ്ഹൗസും, കൊല്ലം ജില്ലയിലെ അഷ്ടമുടി കായലും തംഗശ്ശേരി കോട്ടയും തുറമുഖവും, പത്തനംതിട്ടയിലെ പമ്പ നദിയും, ആലപ്പുഴയിലെ വേമ്പനാട്ട് കായലും, കോട്ടയത്തിലെ കുമരകം ദ്വീപും, ഇടുക്കിയിലെ ഡാം, വൈദ്യുതി കേന്ദ്രങ്ങളും, എറണാകുളത്തെ നഗരദൃശ്യവും മെട്രോയും, തൃശ്ശൂരിലെ ചരിത്രപ്രസിദ്ധമായ ചേരമാൻ മസ്ജിദും, പാലക്കാട്ടെ ടിപ്പു സുൽത്താന്റെ കോട്ടയും നെൽ കൃഷിയും, മലപ്പുറത്തെ മമ്പുറം മഖാമും ഫുട്ബോൾ ഗ്രൗണ്ടും, കോഴിക്കോട് ബീച്ചും അറബിക്കടലും, വയനാട് എടക്കൽ ഗുഹയും തേയിലതോട്ടങ്ങളും, കണ്ണൂരിലെ അറക്കൽ കൊട്ടാരവും, കാസർഗോഡിലെ ബേക്കൽ കോട്ടയുമെല്ലാം മോഡലിൽ ഉൾപ്പെടുത്തി.
കാർഡ്‌ബോർഡ്, തെർമോക്കോൾ, തീപ്പെട്ടി, ചണനൂൽ, ചാർട്ട്, കളർ, എ–ഫോർ പേപ്പർ, ക്ലേ, മണൽ, മണ്ണ്, ഉപ്പ്, ആർട്ടിഫിഷ്യൽ ഗ്രാസ്, നൂൽ തുടങ്ങിയ കരകൗശല വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ തന്നെ നിർമ്മാണത്തിന് നേതൃത്വം നൽകി.
പ്രദർശനത്തിൽ വിദ്യാർത്ഥികളുടെ സൃഷ്ടിപരത്വവും സംഘാടകശേഷിയും പ്രശംസനീയമായി വിലയിരുത്തപ്പെട്ടു. പ്രാദേശിക സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം സന്ദർശിച്ചു.കേരളത്തിന്റെ 69-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി യൂണിയൻ മുന്നോട്ടുവച്ച ഈ സംരംഭം, കേരളത്തെ അടുത്തറിയാനും പഠനമേഖലയാക്കി മാറ്റാനും സഹായകമായി.