
പട്ടിത്തറ: പട്ടിത്തറയിലെ നെൽവയലുകളിൽ ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മമൂലക തളിക്കൽ ആരംഭിച്ചു. കാർഷിക വികസന കർഷകക്ഷേമവകുപ്പിന്റെ സമഗ്ര നെൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തിലെ ഏകദേശം 60 ഹെക്ടർ നെൽവയലുകളിലാണ് ഡ്രോൺ തളിക്കൽ പദ്ധതി വ്യാപിപ്പിക്കുന്നത്. ഇതിലൂടെ പാടങ്ങളിൽ ആവശ്യമുള്ള എല്ലാ സൂക്ഷ്മമൂലകങ്ങളും തുല്യമായി തളിച്ച് വിളവെടുപ്പും മണ്ണിന്റെ പോഷകനിലയും ഗണ്യമായി ഉയർത്താനാണ് ലക്ഷ്യം. ഡ്രോൺ ഉപയോഗം വഴി കർഷകർക്ക് സമയം, പണി, ചെലവ് എന്നിവ ഗണ്യമായി ലാഭിക്കാനാകുമെന്നും കൃഷിവകുപ്പ് അധികൃതർ വ്യക്തമാക്കി.
പട്ടിത്തറ പഞ്ചായത്തിലെ കോട്ടോപ്പാടം പാടശേഖരത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ നിർവഹിച്ചു. കൃഷി ഓഫീസർ എം. എസ്. ശ്രീലക്ഷ്മി, കൃഷി അസിസ്റ്റന്റ് ജാസ്മിയ, പാടശേഖര സെക്രട്ടറി രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.