
ആനക്കര സ്വാമിനാഥ (ഡയറ്റ് ലാബ്) വിദ്യാലയത്തിലെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയായി. മന്ത്രി എം.ബി. രാജേഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപ ചെലവഴിച്ചാണ് ഈ ആധുനിക കെട്ടിടം പണിതിരിക്കുന്നത്. മൂന്നു നിലകളിലായി ആകർഷകമായ രൂപകൽപ്പനയോടും വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠനപരിസരത്തോടും കൂടിയാണ് നിർമാണം.
പുതിയ കെട്ടിടത്തിൽ 15 ക്ലാസ് മുറികളും നവീന ശുചിമുറികളും അഗ്നി സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഭാവിയിൽ ലിഫ്റ്റ് സ്ഥാപിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിനോട് ചേർന്ന് വലിയ ശേഷിയുള്ള മഴവെള്ള സംഭരണിയും നിർമ്മാണം പൂർത്തിയായി, പരിസ്ഥിതി സൗഹൃദ മാതൃകയായി കെട്ടിടം മാറുന്നു.
സ്ഥലംപരിമിതിയാൽ ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടം ലഭിച്ചതോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വലിയ ആശ്വാസമാണ്. ഈ മാസം ആദ്യം നടത്താനിരുന്ന ഉദ്ഘാടനം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട മന്ത്രിമാരുടെ സൗകര്യം പരിഗണിച്ച് ഉടൻ ഉദ്ഘാടനം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.