കല്ലടത്തൂർ പാടശേഖരത്തിൽ ഈ വർഷം നെൽകൃഷി ഇല്ല

കപ്പൂർ: കപ്പൂർ പഞ്ചായത്തിലെ കല്ലടത്തൂർ പാടശേഖരത്തിൽ ഈ വർഷം നെൽകൃഷി നടത്താനാവില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. ഏകദേശം 70 ഏക്കറോളം സ്ഥലത്ത് വർഷങ്ങളായി കൃഷി നടന്നിരുന്നെങ്കിലും, ഈ സീസണിൽ ഒരു പുവ്വൽ പോലും കൃഷി എടുക്കാതെ പാടം തരിശായി കിടക്കുകയാണ്.

മൂന്ന് പതിറ്റാണ്ട് മുമ്പ് മൂന്ന് പുവ്വൽ നെൽകൃഷി നടത്തിയിരുന്ന ഈ പാടശേഖരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അനാഥമായിത്തീർന്നതായി കർഷകർ പറയുന്നു. പഞ്ചായത്ത്, കൃഷി, ജലസേചന വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പ്രധാന കാരണം. തുലാവർഷകാലത്ത് ജലലഭ്യത കുറയുന്നതിനാൽ ജലസേചന സൗകര്യം അടിയന്തിരമായി ഒരുക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു.

പാടശേഖരത്തിലൂടെ കടന്നുപോകുന്ന തോട് പല ഭാഗങ്ങളിലും തകർന്നതിനെ തുടർന്ന് മഴക്കാലത്ത് കല്ലും ചരലും വയലിലേക്ക് അടിയുകയാണ്. കൂടാതെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള അഴുക്ക് വെള്ളവും കല്ലും മണ്ണും വയലിലേക്ക് ഒഴുകിയെത്തുന്നത് കൃഷി നടത്താനുള്ള സാഹചര്യം തകർക്കുന്നുവെന്ന് കർഷകർ ആരോപിച്ചു.

പഞ്ചായത്തിലും കൃഷിഭവനിലും വർഷങ്ങളായി പരാതി നൽകിയിട്ടും യാതൊരു നടപടി സ്വീകരിച്ചിട്ടില്ലെന്നും, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സർവേ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതിക്കായി അയച്ചിട്ടുണ്ടെന്നും, തൃത്താല എം.എൽ.എയും മൈനർ ഇറിഗേഷൻ വിഭാഗവും സ്ഥലം സന്ദർശിച്ചെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ലെന്നും പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.

കാട്ടുപന്നികളുടെയും മയിലുകളുടെയും ശല്യവും കർഷകരെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നുവെന്ന് കപ്പൂർ പാടശേഖര സമിതി പ്രസിഡന്റ് കെ. മൊയ്തീൻ ലിയാക്കത്ത് ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം