പട്ടിത്തറ കക്കാട്ടിരിയിൽ ഇന്റർലോക്ക് റോഡ് പണികഴിഞ്ഞ് മൂന്നുമാസത്തിനുള്ളിൽ തകർന്നു; അഴിമതി ആരോപണവുമായി നാട്ടുകാർ


തൃത്താല ∣ പട്ടിത്തറ പഞ്ചായത്തിലെ കക്കാട്ടിരി പാറക്കൽ സ്ട്രീറ്റ് റോഡിൽ മൂന്ന് മാസം മുമ്പ് പൂർത്തിയാക്കിയ ഇന്റർലോക്ക് റോഡ് തകർന്നതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്. പണി പൂർത്തിയാക്കിയിട്ട് മൂന്ന് മാസം പോലും കഴിയാതെ ഇന്റർലോക്ക് കല്ലുകൾ പൊളിഞ്ഞു കിടക്കുന്നത് നിർമ്മാണത്തിലെ ഗുണനിലവാരക്കുറവിനെയും അഴിമതിയെയും വെളിവാക്കുന്നതാണെന്ന് നാട്ടുകാർ ആരോപിച്ചു.

പഞ്ചായത്ത് ഭരണസമിതി മേൽനോട്ടത്തിൽ നടത്തിയ ഇന്റർലോക്ക് പണി ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയായിത്തീർന്നുവെന്ന് നാട്ടുകാർ പറയുന്നു. ദിവസേന ബൈക്കിൽ സഞ്ചരിക്കുന്നവർ തകർന്ന ഭാഗങ്ങളിൽ വീണ് പരിക്കേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഉത്തരവാദിത്തപ്പെട്ടവർ നിസ്സംഗത പാലിക്കുകയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

“പണി പൂർത്തിയാക്കി വലിയ ആവേശത്തോടെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് ഇന്നും അറ്റകുറ്റമില്ലാതെ നിലകൊള്ളുമ്പോൾ, അതിന് താഴെ തകർന്നുകിടക്കുന്ന റോഡ് ജനങ്ങളുടെ ദുരിതത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്,” — പ്രദേശവാസികൾ പറഞ്ഞു.

തകർച്ചയ്ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

1 അഭിപ്രായങ്ങള്‍

  1. അങ്ങിനെ അതും ഗോവിന്ദ 😁എന്തൊക്കെ ആയിരുന്നു ലഡ്ഡു ജിലേബി പായസം ഒടുക്കം പവനായി ശവമായി ചീഞ്ഞു നാറും മുമ്പേ ഫ്ലെക്സ് എടുത്തു മാതൃക കാ ണി ക്കുമെന്ന് പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം