പട്ടാമ്പി പാലത്തിന്റെയും ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെയും നിർമ്മാണോദ്ഘാടനം നടന്നു


പട്ടാമ്പി: പട്ടാമ്പി പാലത്തിന്റെയും ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെയും നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനകർമ്മങ്ങൾ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവർ ചേർന്നാണ് നിർവഹിച്ചത്.

പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പട്ടാമ്പി പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വൻ മുന്നേറ്റമാണ് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച റോഡുകളും പാലങ്ങളും മേൽപ്പാലങ്ങളും കെട്ടിടങ്ങളുമാണ് വികസനത്തിന്റെ ദൃശ്യമൂർത്തികൾ എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിലെ പ്രധാന പാലമാണ് പട്ടാമ്പി പാലം. നിലവിലുള്ള പാലം ഇപ്പോഴത്തെ വാഹന സാന്ദ്രത കൈകാര്യം ചെയ്യാൻ പര്യാപ്തമല്ലാത്തതിനാലാണ് പുതിയ പാലം നിർമ്മിക്കുന്നത്. നാടിന്റെ പൊതുവികസനത്തിന് ഗതിവേഗം പകർന്നു കൊണ്ട് പൊതുമരാമത്ത് വകുപ്പ് കുതിക്കുകയാണ്, എന്ന് മന്ത്രി പറഞ്ഞു.

പട്ടാമ്പി ഫയർ സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിച്ച മന്ത്രി എം.ബി. രാജേഷ് പറഞ്ഞു, “പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമാണ് ഈ പദ്ധതി. അത് യാഥാർത്ഥ്യമാകുകയാണ്. പുതിയ പാലം പട്ടാമ്പിയുടെ മുഖച്ഛായ തന്നെ മാറ്റും.”

പട്ടാമ്പി ഇ.എം.എസ് പാർക്കിൽ നടന്ന ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർപേഴ്സൺ ടി.പി. ഷാജി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം