തൃത്താല മേഖലയിൽ ജൽ-ജീവൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിൽ കുഴി വെട്ടിയിട്ട് ഒരു വർഷമായെങ്കിലും നാളിതു വരെയായി അധികൃതർ റോഡ് ഗതാഗതയോഗ്യമാക്കാത്ത സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി രണ്ട് ആഴ്ചക്കകം റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് കേരള ഹൈകോടതി ഉത്തരവ് ഇറക്കി. ഹൈകോടതി അഭിഭാഷകനും യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടുമായ അഡ്വ. ടി.എം.നഹാസ് നൽകിയ റിട്ട് ഹർജിയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.
തൃത്താല ഗ്രാമ പഞ്ചായത്തിലൂടെ മാത്രം കടന്നുപോകുന്ന മുടവനൂർ പിറപ്പ് - മാട്ടായ - വട്ടൊള്ളി ലിങ്ക് റോഡുകളുടെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തീകരിക്കാത്ത കാരണത്താൽ കാൽനടയാത്രക്കാരുടെ കാര്യം പരിതാപകരമായി തുടരുകയാണ്.
വാട്ടർ അതോറിറ്റിയും പിഡബ്ല്യുഡി വകുപ്പും പദ്ധതിക്ക് നേതൃത്വം കൊടുത്ത് എകോപിപ്പിക്കുന്ന തൃത്താല പഞ്ചായത്ത് ഭരണ സമിതിയും പദ്ധതി കോൺട്രാക്റ്ററും യഥാസമയം വർക്ക് പൂർത്തിയാക്കാനായി കാലതാമസം എടുക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. ടി.എം.നഹാസ് ഹൈ കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഹർജിയിൽ അഡ്വ. പി.യു. വിനോദ്‌കുമാർ ദേവാങ്കണം, അഡ്വ. ടി.എം. മുഹമ്മദ് മുസ്താഖ് എന്നിവർ ഹാജരായി.
