തിരുവേഗപ്പുറ : തിരുവേഗപ്പുറ പഞ്ചായത്ത് ഓഫീസ് സെക്രട്ടറിയുടെ കസേരയില്‍ ഒരു 23- കാരനെ കണ്ടാല്‍ അത്ഭുതപ്പെടേണ്ട. ഇവിടുത്തെ പുതിയ പഞ്ചായത്ത് സെക്രട്ടറിയാണ് എന്‍.എന്‍. ധനരാജ്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ധനരാജ് കഴിഞ്ഞമാസമാണ് സര്‍വീസില്‍ കയറുന്നത്. ആദ്യ നിയമനമാണ് തിരുവേഗപ്പുറയില്‍. ജില്ലയില്‍ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയും ധനരാജ് തന്നെ.
ജൂലായില്‍ പ്രസിദ്ധീകരിച്ച പിഎസ്‌സി റാങ്ക് പട്ടികയില്‍ 28-ാം റാങ്കുകാരനായിരുന്നു ധനരാജ്. അധികംതാമസിയാതെ നിയമനവും വന്നു. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് ബിരുദംപൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നു. ഇതിനിടെയാണ് പിഎസ്സി പഠനവും മുന്നോട്ട് കൊണ്ടുപോയത്. ആദ്യം എഴുതിയ പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്കുള്ള പരീക്ഷയില്‍ത്തന്നെ ജോലിയും ലഭിച്ചു.
ലക്ഷ്യം സിവില്‍ സര്‍വീസ്തന്നെയാണെന്നും ധനരാജ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിച്ചുവരികയാണ്. കിലയില്‍ പരിശീലനം ഉണ്ടായിരുന്നു. പഞ്ചായത്തിന്റെ രണ്ട് ഭരണസമിതിയോഗങ്ങളില്‍ പങ്കെടുത്തു. എല്ലാവരെയും തുല്യപ്രധാന്യത്തോടെ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും ധനരാജ് പറഞ്ഞു.
ഇരിങ്ങാലക്കുട നെടുമ്പാള്‍മഠത്തില്‍ നാരായണന്‍ എമ്പ്രാന്തിരിയുടെ മകനാണ്. അമ്മ സാവിത്രി. സഹോദരി ധനശ്രീ.
