
കൊപ്പത്ത് 16കാരിക്ക് നേരെ അഞ്ച് വർഷക്കാലമായി ലൈംഗികാതിക്രമം നടത്തിയ കേസിൽ മാതാവിനും രണ്ടാനച്ഛനും ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും പട്ടാമ്പി പോക്സോ അതിവേഗ കോടതി വിധിച്ചു.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി രണ്ടാനച്ഛന്റെ പീഡനത്തിന് ഇരയായത്. മാതാവിന്റെ അറിവോടെയും സഹായത്തോടെയുമായിരുന്നു പീഡനം. വീട്ടിലും പുറത്തും നീണ്ടുനിന്ന പീഡനം 2022ൽ കൗൺസിലിങ്ങിനിടെ വെളിപ്പെട്ടു. വിവരമറിഞ്ഞ സ്കൂൾ അധികൃതരുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊപ്പം എസ്ഐ എം.ബി. രാജേഷ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
നോർത്ത് പാലൂർ സ്വദേശി ഇസ്ഹാക്കിനും ചുണ്ടമ്പറ്റ സ്വദേശിനി നുസ്രത്തിനുമാണ് കോടതി ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനാണ് കോടതി നിർദേശിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. നിഷ വിജയകുമാർ, അഡ്വ. സന്ദീപ് എന്നിവർ ഹാജരായി. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റി.