സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന രേഖപ്പെടുത്തി. ഗ്രാമിന് 190 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 12,170 ആയി. പവന് 1,520 രൂപയാണ് ഇന്നത്തെ വർധന. ഇതോടെ പവന്റെ വില 97,360 ആയി ഉയർന്നു.ഇതിനു മുമ്പ് ഒക്ടോബർ 17-നാണ് സ്വർണവില റെക്കോഡ് നിരക്കായ 97,360 ലെത്തിയത്. തുടർന്ന് വിലയിൽ ഇടിവ് രേഖപ്പെടുത്തി 95,840 രൂപയിലേക്ക് താഴ്ന്നിരുന്നു.
അതേസമയം, നിക്ഷേപകരുടെ ലാഭമെടുപ്പ് മൂലം ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്‌പോട്ട് ഗോൾഡിന്റെ വിലയിൽ 0.3 ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. 4,340.29 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചറിലും 0.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഔൺസിന് വില 4,356.40 ഡോളറാണ്.
എന്നാൽ, ഇപ്പോൾ സ്വർണത്തിൽ കാണുന്നത് താൽക്കാലിക ഇടിവ് മാത്രമാണെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർ പങ്കുവയ്ക്കുന്നത്. ഫെഡറൽ റിസർവ് ഈ വർഷം രണ്ട് തവണ കൂടി പലിശ കുറയ്ക്കാനുള്ള സാധ്യതയുള്ളതിനാൽ സ്വർണത്തിൽ നിക്ഷേപം വർധിക്കുമെന്ന് പ്രതീക്ഷ. ഇതോടെ വരും ദിവസങ്ങളിലും സ്വർണവില ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
വെള്ളിയാഴ്ചയാണ് സ്വർണം സർവകാല റെക്കോഡിൽ എത്തിയത്. അന്ന് ഗ്രാമിന് 305യും പവന് 2,440 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാമിന് 12,170യും പവന് 97,360 രൂപയുമായിരുന്നു അന്ന് വില.
