ഇറ്റലിയിലെ റോമിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സസ്‌റ്റൈനബിൾ ഡെവലപ്‌മെന്റിൽ രാജ്യത്തിന് അഭിമാനമായി ജില്ലയിലെ സുസ്ഥിര തൃത്താല പദ്ധതി. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് 10, 11 തീയതികളിൽ നടത്തിയ ആഗോള സമ്മേളനത്തിലാണ് തൃത്താലയിലെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വിദഗ്‌ധർ തൃത്താലയിലെ വികസന മാതൃകയെ പ്രശംസിച്ചു.
അർബൻ കോൺക്ലേവ് നടക്കുന്നതിനാൽ പദ്ധതിക്ക് നേതൃത്വം നൽകിയ മന്ത്രി എം ബി രാജേഷും ചുമതലയുള്ള എ നിസാമുദ്ദീനും ഓൺലൈനിലൂടെയാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ പൂർത്തിയാക്കിയത്. മികച്ച ജനകീയ പങ്കാളിത്തത്തോടെ ശുദ്ധജല ലഭ്യത, ഭൂഗർഭ ജലവിതാനം ഉയർത്തൽ, നീർത്തട സംരക്ഷണം, മണ്ണ് സംരക്ഷണം, കൃഷി വ്യാപനം, പച്ചത്തുരുത്ത് നിർമാണം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്തി. പൊതുസ്ഥാപനങ്ങളിലും അങ്കണവാടികളിലും ഭൂജല പോഷണം നടപ്പാക്കി. രാജ്യത്ത് ആദ്യമായി ജലബജറ്റ് അവതരിപ്പിച്ചും തൃത്താല മണ്ഡലം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു.
