'കരൂർ ദുരന്തത്തിന്റെ ഉത്തരവാദി സെന്തിൽ ബാലാജി' ; കുറിപ്പെഴുതിവെച്ച് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി

ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പൻ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി വന്‍ ദുരന്തത്തില്‍ കലാശിച്ചത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട വിജയ് ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കി. ഇത് സ്ഥിതി സങ്കീര്‍ണമാക്കി. ആളുകള്‍ കുപ്പി പിടിക്കാന്‍ തിരക്ക് കൂട്ടിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ ആളുകള്‍ കുഴഞ്ഞുവീഴാന്‍ തുടങ്ങി. ഈ സമയം ആറ് വയസുകാരിയെ കാണാതായ വിവരം വിജയ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അധികം വൈകാതെ തന്നെ പ്രസംഗം അവസാനിപ്പിച്ച് വിജയ് സ്ഥലത്ത് നിന്ന് മടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. നിലവില്‍ ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി മധര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ടിവികെ നേതാവും കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ മതിയഴകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. കരൂര്‍ ദുരന്തത്തിലെ ആദ്യ അറസ്റ്റായിരുന്നു ഇത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിയഴകനെതിരെ കേസെടുത്തത്.

ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ നടൻ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്നും നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ഇത്രയേറെ ആളുകൾ തടിച്ചുകൂടിയിട്ടും റാലിയിൽ ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാർ ഉണ്ടായില്ലെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം