വിശാഖപട്ടണത്തു നിന്ന് മോഷ്‌ടിച്ച ഏഴേകാൽ പവൻ സ്വർണാഭരണം ഒറ്റപ്പാലത്ത് വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ. തൃശൂർ ദേശമംഗലം പള്ളത്ത് വീട്ടിൽ അജ്‌മലിനെയാണ് (21) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് പവന്റെ സ്വർണമാലയും രണ്ട് പവനിലേറെ വരുന്ന ഒരു ജോഡി കമ്മലും കാൽ പവനോളമുള്ള മോതിരവും പിടിച്ചെടുത്തു. വിശാഖപട്ടണത്ത് അജ്‌മൽ ജോലി ചെയ്തിരുന്ന മൊബൈൽ ഷോപ് ഉടമയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണമാണിത്.
അഞ്ച് മാസംമുമ്പ് മോഷ്‌ടിച്ച സ്വർണാഭരണങ്ങൾ ഇയാൾ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു. നാട്ടിലെത്തിയ അജ്‌മൽ ഒറ്റപ്പാലത്തെ ജ്വല്ലറികളിൽ ആഭരണങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പല ജ്വല്ലറികളിലും കയറി വില പേശിയതോടെ പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ആഭരണങ്ങളുമായി ബൈക്കിൽ പോകുന്നതിനിടെയാണ് പിടികൂടിയത്.
അഞ്ച് മാസം മുമ്പും വിശാഖപട്ടണം പൊലീസിൽ ഉടമ പരാതി നൽകിയിരുന്നെങ്കിലും സൂചന ലഭിച്ചിരുന്നില്ല. വിശാഖപട്ടണത്ത് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികൾക്കായി അജ്‌മലിനെ കൈമാറും. മോഷണ മുതൽ വിൽക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.