തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ ചോദ്യക്കടലാസ് അടങ്ങുന്ന പാക്കറ്റുകള്‍ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ അറിയിച്ചു. കവര്‍ പൊട്ടിക്കുമ്പോള്‍ പരീക്ഷയ്‌ക്കെത്തിയ രണ്ട് കുട്ടികള്‍, പരീക്ഷ ചുമതലയുള്ള അധ്യാപകര്‍ എന്നിവരുടെ ഒപ്പും കവര്‍ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.
ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേകം മൂന്നംഗ പരീക്ഷാസെല്ലും സജ്ജമാക്കിയിട്ടുണ്ട്. ബിആര്‍സികളില്‍ ചോദ്യക്കടലാസ് വിതരണം ചെയ്യുമ്പോള്‍ ഇഷ്യൂ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണമെന്നും മുഴുവന്‍ സ്‌കൂളുകളും ചോദ്യക്കടലാസ് കൈപ്പറ്റുന്നത് വരെ മുറിയും അലമാരയും മുദ്രവച്ച് സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആര്‍സി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിര്‍വ്വഹിക്കും.
നിര്‍ദേശങ്ങള്‍:
സി-ആപ്റ്റില്‍നിന്നുള്ള ചോദ്യക്കടലാസ് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നേരിട്ട് ഏറ്റുവാങ്ങണം.
പാക്കറ്റ് കീറിയിട്ടുണ്ടെങ്കില്‍ വിവരം ജില്ലാ ഓഫീസിനെ അറിയിക്കണം.
സ്‌കൂളുകള്‍ക്ക് ചോദ്യക്കടലാസ് വിതരണം ചെയ്യാനുള്ള ക്രമീകരണം നിശ്ചയിക്കണം.
ചോദ്യക്കടലാസ് വാങ്ങുന്ന തീയതിയും അധ്യാപകന്റെ പേരും ഫോണ്‍നമ്പറും ഒപ്പും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
ചോദ്യക്കടലാസ് വിദ്യാലയങ്ങളില്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണം. കുറവോ നാശനഷ്ടമോ ഉണ്ടെങ്കില്‍ ഉടന്‍ അറിയിക്കണം.