'ജമ്മുകശ്മീരില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ 5വർഷം ശിക്ഷ കിട്ടാവുന്ന കേസിൽ അറസ്റ്റിലായാൽ രാജി'; ബില്ല് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും

ശ്രീനഗര്‍: ജമ്മുകശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം. മുഖ്യമന്ത്രിയോ മന്ത്രിമാരോ അഞ്ച് വര്‍ഷം ശിക്ഷ കിട്ടാവുന്ന ഏതെങ്കിലും കേസില്‍ അറസ്റ്റിലായാല്‍ 30 ദിവസത്തിനകം രാജിവെക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. രാജിവച്ചില്ലെങ്കില്‍ അവരെ പുറത്താക്കാന്‍ ലെഫ് ഗവര്‍ണര്‍ക്ക് അധികാരമുണ്ടാകുമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു. ബില്ല് ഇന്ന് ലോക്‌സഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കും. ബില്ലിന്റെ വിശദമായ പരിശോധനയ്ക്കായി പാര്‍ലമെന്റ് ജോയിന്റ് കമ്മിറ്റിക്ക് മുമ്പാകെ റഫറന്‍സ് ചെയ്തിട്ടുണ്ട്.

ഇതിനായുള്ള ഭരണഘടനാ ഭേദഗതിക്കുള്ള നീക്കത്തിനും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഗുരുതര ക്രിമിനല്‍ കുറ്റം ചെയ്‌തെന്ന ആരോപണം നേരിടുന്നതോ, അറസ്റ്റ് ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്ത മന്ത്രിമാര്‍ ജനങ്ങള്‍ക്കുള്ള ഭരണഘടനാപരമായ വിശ്വാസത്തെ കുറച്ച് കാണുകയാണെന്ന് ബില്ലില്‍ പറയുന്നു. 'ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് അറസ്റ്റിലാകുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്ത മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ നീക്കം ചെയ്യുന്നതിന് ജമ്മു കശ്മീര്‍ പുനസംഘടാ ബില്ല്, 2019ല്‍ വ്യവസ്ഥകളില്ല. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ നീക്കം ചെയ്യുന്നതിന് നിയമത്തിലെ 54ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്', ബില്ലില്‍ സൂചിപ്പിക്കുന്നു.

30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കാമെന്നാണ് വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമാകും. എന്നാല്‍ ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്തേക്ക് തിരികെ വരുന്നതിന് ബില്ലില്‍ തടസമില്ല.

ഈ ബില്ലിന് പുറമേ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളെ പൂട്ടാനുള്ള ബില്ലും ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള ചൂതാട്ടത്തിന് പിഴകള്‍ ഏര്‍പ്പെടുത്താനുമുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം