'ഞങ്ങടെ നേരെ പോരിന് വന്നാല്‍ ചവിട്ടിത്താഴ്ത്തും കട്ടായം'; പി കെ ശശിക്കെതിരെ മണ്ണാര്‍ക്കാട് സിപിഐഎം പ്രകടനം

സിപിഐഎം മുതിര്‍ന്ന നേതാവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ സിപിഐഎമ്മിന്റെ പ്രകടനം. മണ്ണാര്‍ക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. തങ്ങളുടെ നേരെ പോരിന് വന്നാല്‍ ചവിട്ടിത്താഴ്ത്തും കട്ടായം എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം പ്രവർത്തകർ പ്രകടനം നടത്തിയത്.

'രക്തത്തിന്റെ അത്തര്‍ പൂശി മണ്ണാര്‍ക്കാടിനെ കട്ട് മുടിച്ചവന്‍, മുസ്‌ലിം ലീഗിനെ കൂട്ട്പിടിച്ച് ഞങ്ങടെ നേരെ പോരിന് വന്നാല്‍ ഓര്‍ത്ത് കളിച്ചോ ബിലാലെ, ബിലാലുമാരുടെ ചെരിപ്പ് നക്കികള്‍ ഞങ്ങടെ നേരെ പോരിന് വന്നാല്‍ തച്ച് തകര്‍ക്കും സൂക്ഷിച്ചോ' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവർത്തകർ ഉയര്‍ത്തി. സിപിഐഎം മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറി നാരയണന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തു. സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പി കെ ശശി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശശിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി സിപിഐഎം നേതാക്കളുടെ പ്രകടനം.

മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് കീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു സിപിഐഎം പ്രദേശിക നേതാക്കള്‍ക്കെതിരെ പി കെ ശശി പരോക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. അഴിമതി തുറന്നു കാണിക്കണമെന്നും എന്നാല്‍ അഴിമതി ആരോപിക്കുന്നവര്‍ പരിശുദ്ധരായിരിക്കണമെന്നുമായിരുന്നു പി കെ ശശി പറഞ്ഞത്. മണ്ണാര്‍ക്കാട്ടെ പൊതുസമൂഹവുമായി തനിക്കുള്ള ബന്ധം ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും ശശി പറഞ്ഞിരുന്നു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്നും പറഞ്ഞായിരുന്നു ശശി പ്രസംഗം അവസാനിപ്പിച്ചത്.

ഉദ്ഘാടന ചടങ്ങിലേക്ക് പി കെ ശശിയെ ക്ഷണിച്ചതില്‍ സിപിഐഎമ്മില്‍ മുറുമുറുപ്പുണ്ടായിരുന്നു. എന്നാല്‍ നേതാക്കള്‍ ഇത് പുറത്തേയ്ക്ക് പ്രകടിപ്പിച്ചില്ല. ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രാദേശിക നേതൃത്വം വിട്ടുനില്‍ക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം