പിഎഫിൽനിന്ന് 3 ലക്ഷം കിട്ടാൻ ഒരു ലക്ഷം കൈക്കൂലി; സഹപ്രവർത്തകയുടെ പരാതിയിൽ പ്രധാന അധ്യാപകൻ പിടിയിൽ

വടകര: പൊവിഡന്റ് ഫണ്ട് (പിഎഫ്) തുക ലഭിക്കാൻ അധ്യാപികയോട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ കോഴിക്കോട് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വടകര പാക്കയിൽ ജെബി സ്‌കൂൾ പ്രധാനാധ്യാപകൻ പുതിയാപ്പ് സ്വദേശി ഇ.വി. രവീന്ദ്രനെ (56) നെയാണ് കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്പി കെ.കെ. ബിജുവും സംഘവും പിടികൂടിയത്. 10000 രൂപയും 90000 രൂപയുടെ ചെക്കും ഇയാളിൽനിന്ന് കണ്ടെടുത്തു. വിജിലൻസ് ഫിനോഫ്തലിൻ പൊടി പുരട്ടി നൽകിയ നോട്ടുകൾ ഉൾപ്പെടെ ഇതിലുണ്ടായിരുന്നു.

സഹപ്രവർത്തകയായ അധ്യാപികയാണ് പരാതിക്കാരി. തന്റെ പിഎഫ് അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് മാർച്ച് 28-നാണ് ഇവർ അപേക്ഷ നൽകിയത്. അഡ്വാൻസ് തുക മാറിക്കിട്ടുന്നതിനുളള നടപടിക്രമങ്ങൾ വൈകിപ്പിച്ച രവീന്ദ്രൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒടുവിൽ അധ്യാപിക കോഴിക്കോട് വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച വിജിലൻസ്, അധ്യാപകൻ അയച്ച ശബ്ദസന്ദേശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇയാളെ വലയിലാക്കാൻ തന്ത്രം ആവിഷ്‌കരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ വിജിലൻസ് ഫിനോഫ്തലിൻ പൊടി പുരട്ടി നൽകിയ നോട്ടും ചെക്കും അധ്യാപിക വടകര ലിങ്ക് റോഡിൽ വെച്ച് അധ്യാപകന് കൈമാറുകയായിരുന്നു.

പണം കൈമാറിയ ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഇയാളെ പിടികൂടി. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൈകൾ സോഡിയം ബൈ കാർബണേറ്റ് വെള്ളത്തിൽ മുക്കി ഫിനോഫ്തലിൻ പൊടിയുടെ സാന്നിധ്യം കണ്ടെത്തി. പാന്റിന്റെ പോക്കറ്റിലും പൊടിയുണ്ടായിരുന്നു.

ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഇൻസ്‌പെക്ടർ മനോജ് പറയട്ട, എസ്‌ഐമാരായ എ. സന്തോഷ് കുമാർ, പി.സുജിത്ത്, ശശികുമാർ, എഎസ്‌ഐമാരായ അബ്ദുൾസലാം, രൂപേഷ്, പോലീസുകാരായ കെ.ധനേഷ്, ഷനോജ്, ജയേഷ്, നിധിൻലാൽ, സുജിഷ എന്നിവരുമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം