ചാലിശ്ശേരി: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചാലിശേരി പഞ്ചായത്ത് ഓഫീസിൻ്റെ മുൻവശത്തെ സിറ്റൗട്ടിലേക്ക് കടക്കുന്ന ഭാഗത്തെ ഗ്രില്ലാണ് തുറന്നിട്ട നിലയിൽ കണ്ടത്.ഞായറാഴ്ച രാവിലെ കമ്മ്യൂണിറ്റി ഹാളിന്റെ വാച്ച് മാൻ ആണ് ഗ്രില്ല് തുറന്നിട്ട കണ്ടത്.
ഗ്രില്ല് തുറന്നാൽ ഓഫീസിന് ഉള്ളിലേക്ക് കടക്കാൻ കഴിയും. ഓഫീസിന് മൂന്ന് താക്കോലുകളാണുള്ളത്. ഒന്ന് പാർട് ടൈം സ്വീപ്പറുടെ കൈവശവും, രണ്ടാമത്തേത് ഓഫീസ് അറ്റൻ്ററുടെ കൈവശവും, മൂന്നാമത്തേത് പഞ്ചായത്ത് പ്രസിഡൻറിൻ്റെ കൈവശവുമാണുള്ളത്. ഗ്രില്ലിൻ്റെ പൂട്ട് താക്കോൽ ഇല്ലാതെ പ്രസ് ചെയ്ത് പൂട്ടാൻ കഴിയുന്ന തരത്തിലുള്ളതാണ്. ശനിയാഴ്ച അവസാനം ഓഫീസ് പൂട്ടി പോയത് അസി.എഞ്ചിനീയറുടെ ഓഫീസിലുള്ളവരാണ്. അവർ കൃത്യമായി പൂട്ട് ലോക്കായി എന്ന് ഉറപ്പു വരുത്തിയാണ് പോയതെന്ന് പറയുന്നു.
പ്രസിഡൻ്റ് ഒഴികെ താക്കോൽ കൈവശം ഉള്ളവർ രണ്ടു പേരും സ്ത്രീകളാണ് അവരാരും രാത്രിയിൽ ഓഫീസിൽ എത്തിയിട്ടില്ല. ശേഷിക്കുന്ന ഒരു താക്കോൽ കൈവശമുള്ള പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടന്റെ കയ്യിലാണ്. നിലവിൽ താക്കോൽ കൈവശമുള്ളവർ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ല എന്ന് പറയുന്നതിനാൽ മോഷണശ്രമമാണോ എന്നും സംശയം ഉയർന്നിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ സംഭവത്തിൻ്റെ യഥാർത്ഥ വസ്തുത പുറത്ത് വരികയുള്ളു.
മാർച്ച് മാസമായതിനാൽ നികുതികളും, ലൈസൻസ് ഫീകളും ഉൾപ്പെടെ വലിയ സംഖ്യ പഞ്ചായത്താഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ചയായതിനാൽ ബാങ്കിൽ അടക്കാൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറി പൊലിസിൽ പരാതി നല്കുമെന്നാണ് അറിയുന്നത്.