തിരുമിറ്റക്കോട്: പുലർച്ചെ പ്രഭാത നമസ്കാരത്തിനായി പോയി വയോധികനെ പള്ളിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വടക്കേ ചെരിപ്പൂരിലുള്ള ആമിനാ കളാഫ് പള്ളിയിൽ തിങ്കളാഴ്ച രാവിലെ നമസ്കരിക്കാനായി പോയ കതിരക്കോട്ടിൽ മൊയ്തുട്ടി (62) യെയാണ് പള്ളിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫുജൈറയിൽ പോലീസ് വിഭാഗത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ആളാണ് മൊയ്തൂട്ടി.
മൊയ്തൂട്ടി എല്ലാ ദിവസവും വീടിന് തൊട്ടടുത്തുള്ള പള്ളിയിലേക്ക് നമസ്കാരത്തിന് പോകുന്ന പതിവുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം രണ്ട് വർഷത്തോളമായി നാട്ടിൽ കാർഷിക ജോലിയിൽ വ്യാപൃതനായിരുന്നു. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ചെരിപ്പൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ ജില്ലാ ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും മരണം സംഭവിച്ച പള്ളിയും പരിസരവും സന്ദർശിച്ചിരുന്നതായും ചാലിശ്ശേരി പോലീസ് അറിയിച്ചു. ഭാര്യ: ഉമ്മു ഹബീബ. മക്കൾ: മുനീർ, അമീർ, ഷഹർബാൻ. മരുമക്കൾ: അബ്ദുൾ ലത്തീഫ്, ഫംന, സ്വാഹിബ.