കഴിയാവുന്നത്ര പരാതികളിൽ നിയമപരമായി അനുകൂല തീർപ്പ് ഉണ്ടാക്കുകയാണ് സർക്കാർ സമീപനമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള 'കരുതലും കൈത്താങ്ങും' അദാലത്തുകളുടെ
ഭാഗമായി നടക്കുന്ന പട്ടാമ്പി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ നേരത്തെ നല്‍കിയതും ഓണ്‍ലൈന്‍ വഴി പരാതി സ്വീകരിച്ചതും പെട്ടെന്ന് തന്നെ പരാതികളില്‍ തീര്‍പ്പുണ്ടാക്കാന്‍ സഹായിച്ചു. അദാലത്തില്‍ ലഭിക്കുന്ന തുടര്‍ നടപടികള്‍ വേണ്ട പരാതികളില്‍ രണ്ടാഴ്ചക്കകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ് ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടക്കുന്നത്. മുഹമ്മദ് മുഹസിൻ എം.എൽ.എ,ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ്, എ.ഡി.എം കെ മണികണ്ഠൻ, ഡെപ്യൂട്ടി കളക്ടര്‍മാരായ സച്ചിന്‍ കൃഷ്ണ, എസ്. സജീദ്, വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ സംബന്ധിക്കുന്നുണ്ട്.