കൂറ്റനാട്: പ്രദേശവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അക്കിക്കാവ്- കറുകപുത്തൂർ പാതയുടെ രണ്ടാംഘട്ടനവീകരണം തുടങ്ങി. രണ്ടാംഘട്ടത്തിന്റെ ഭാഗമായി പഴയറോഡിലെ ടാർചെയ്തഭാഗം ഇളക്കിമാറ്റി പുതിയ റോഡിനായി പാത നിരപ്പാക്കലും ബലപ്പെടുത്തലുമാണ് പുരോഗമിക്കുന്നത്.രണ്ടരവർഷം മുൻപാണ് അക്കിക്കാവ്-കറുകപുത്തൂർ പാതയുടെ നവീകരണത്തിനായി നബാഡ് മുഖേന 13.1 കോടിരൂപ അനുവദിച്ചത്. തൃശ്ശൂർ ജില്ലയിലെ തിപ്പലശ്ശേരിയിൽനിന്നുതുടങ്ങി കടവല്ലൂർ, നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലൂടെ പോകുന്ന 8.1 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നവീകരണം വിവിധ കാരണങ്ങളാൽ ഇഴയുകയായിരുന്നു.
ആദ്യഘട്ടത്തിൽ 23 ഓവുപാലങ്ങളുടെ പണിയും പാലത്തിനോടുചേർന്ന് പൊളിഞ്ഞുകിടക്കുന്ന റോഡിന്റെ അരികുഭിത്തി ഉറപ്പിക്കലുമാണ് നടന്നത്. പാലത്തിനോടുചേർന്ന് നിർമിക്കേണ്ട കോൺക്രീറ്റ് സ്ലാബുകളുടെ പണി ഇനിയും പൂർത്തിയായിട്ടില്ല. ജല അതോറിറ്റി പാതയോരത്ത് പൈപ്പുകൾ സ്ഥാപിക്കാനായി ഒരു വർഷംമുൻപുകീറിയ ചാലുകൾ കഴിഞ്ഞദിവസമാണ് നികത്താൻ തുടങ്ങിയത്.
കുന്നംകുളത്തുനിന്ന് ഷൊർണൂരിലേക്കും കൂറ്റനാട്ടേക്കുമായി ഈ പാതയിലൂടെ 15 -തിലധികം ബസുകൾ ഓടിയിരുന്നതാണ്. എന്നാൽ, റോഡ് വലിയതകർച്ച നേരിട്ടതോടെയാണ് ബസുകളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയത്.ഒന്നരവർഷത്തിലധികമായി റോഡുപണിക്കാവശ്യമായ അസംസ്കൃതവസ്തുക്കൾ കോതച്ചിറ, മൂളിപ്പറമ്പ്, മതുപ്പുള്ളി, കറുകപുത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുവന്നിറക്കിയിട്ട്. കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ പ്രവൃത്തി ഈ വേനലിൽ പൂർത്തിയായിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
ബി.എം.ബി.സി. മാതൃകയിൽ നിർമിക്കുന്ന റോഡിന്റെ സംരക്ഷണം ഉറപ്പാക്കണമെങ്കിൽ റോഡരികിലെ കാനകളുടെ നിർമാണവും ഇതോടൊപ്പം പൂർത്തിയാക്കണം. ഉന്നത നിലവാരത്തിലുള്ള ബി.എം.ബി.സി. മാതൃകയിലുള്ള ടാറിങ് പ്രവൃത്തിയാണ് നടക്കുന്നതെന്ന് തൃത്താല പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ സിന്ധു പറഞ്ഞു. മഴക്കാലത്തിനുമുൻപ് പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും എ.ഇ. സിന്ധു പറഞ്ഞു.