പടിഞ്ഞാറങ്ങാടി ആശ്രയ പാലിയേറ്റീവ് ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 15 പാലിയേറ്റിവ് ഡേയുമായി അനുബന്ധപ്പെട്ട് പാലിയേറ്റീവ് പരിചരണ സന്ദേശ യാത്ര നടത്തി. കുമരനെല്ലൂർ വികെ ഓടിട്ടോറിയത്തിൽ നിന്ന് ആരംഭിച്ച് പടിഞ്ഞാറങ്ങാടി, എഞ്ചിനിയർ റോഡ്, കാഞ്ഞിരത്താണി, കൂനംമുച്ചി തുടങ്ങിയ മേഖലകളിൽ പ്രയാണമാരംഭിച്ച് തിരിച്ച് പടിഞ്ഞാറങ്ങാടിയിൽ അവസാനിച്ചു. റാലിയുടെ ഉദ്ഘാടനം ഷമീറലി സീനിയർ പോലീസ് ആഫീസർ മറൈൻ എൻഫോഴ്സ്മെൻ്റ് &വിജിലൻസ് പൊന്നാനി നിർവ്വഹിച്ചു. കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിന് വിദ്യാർത്ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പാലിയേറ്റീവ് വളണ്ടിയർമാരുടെ നിസ്വാർത്ഥ സേവനം വലിയ പ്രതീക്ഷയാണ് സമൂഹത്തിന് നൽകുന്നത് എന്നു കൂടി അദ്ദേഹം ബോധ്യപ്പെടുത്തി. പ്രസിഡണ്ട് ഡോ: കമുദ്ദീൻ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകൻ അലി കുമരനല്ലൂർ ആശംസ അറിയിച്ചു. സെക്രട്ടറി റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു. ജാഥാ ക്യാപ്റ്റൻ മുഹമ്മദലി ആമശ്ശേരി വേണ്ട നിർദ്ദേശങ്ങൾ നൽകി. ജാഥയിൽ എൻ എസ് എസ്, എസ് ഐ പി വിദ്യാർത്ഥികളും പാലിയേറ്റീവ് വളണ്ടിയർമാരും, നാട്ടുകാരും അണിനിരന്നു. നോട്ടീസ് വിതരണവും സ്ട്രീറ്റ് കളക്ഷനും നടത്തി. ചെണ്ട മേളം ജാഥക്ക് മാറ്റ് കൂട്ടി.