വീണ്ടും കുതിപ്പ്; സ്വര്‍ണവില മുന്നോട്ട്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ദ്ധിച്ചു. സ്വര്‍ണവില 56000 കടന്നും കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. 56,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏകദേശം 3500 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറുന്നത്. രണ്ടുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.

ഈമാസം 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങി. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം