പ്രശസ്ത സിനിമ നടൻ ടിപി മാധവന്‍ അന്തരിച്ചു

കൊല്ലം: പ്രശസ്ത മലയാള നടൻ ടി പി മാധവൻ അന്തരിച്ചു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 കളിലും 1990 കളിലും മലയാള സിനിമയിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു ടി പി മാധവൻ. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു.

മലയാളസിനിമയിൽ നാലുപതിറ്റാണ്ടു നീണ്ട സാന്നിധ്യമായിരുന്ന നടൻ ടി.പി മാധവന്റെ വേർപാടിന്റെ വേദനയിലാണ് സിനിമാലോകം. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു അദേഹം. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ ജീവിതത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല മനുഷ്യരാണ്.‌‌

ഹരിദ്വാറിൽ താമസിക്കുന്ന സമയത്ത് അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടവുമായിരുന്നു ഏക സമ്പാദ്യം. മോശമായ ആരോഗ്യാവസ്ഥയിലും ഹരിദ്വാറിലേയ്ക്ക് വീണ്ടും പോകാൻ തയാറെടുക്കുന്ന സമയത്താണ് സീരിയൽ സംവിധായകനും സുഹൃത്തുമായ പ്രസാദ് നൂറനാട് അദ്ദേഹത്തെ കാണുന്നത്. ഇനിയും ഹരിദ്വാറിന് പോയാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് തോന്നിയ പ്രസാദ് ഗാന്ധിഭവന്‍ സാരഥി സോമരാജുമായി ബന്ധപ്പെടുകയും അങ്ങനെ അദ്ദേഹത്തെ അവിടെ പ്രവേശിപ്പിക്കുകയുമായിരുന്നു.

ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി തന്നെ സോമരാജൻ ഏർപ്പാടാക്കി. മാത്രമല്ല ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തി. ഗാന്ധിഭവനിലെ ജീവിതം മാധവൻ ഏറെ ആസ്വദിച്ചിരുന്നു. വായിക്കാൻ പുസ്തകങ്ങളും സംസാരിക്കാൻ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹം വീണ്ടും ഊർജ്ജ്വസ്വലനായി. ആരോഗ്യം മോശമാകും വരെ ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.

ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു മാധവൻ. ഒരു മകനും മകളുമാണ് മാധവന്. ടി.പി.മാധവന്റെ മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജകൃഷ്ണ മേനോനാണ് മകൻ‌.

എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമം നയിക്കുകയായിരുന്നു അദേഹം. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നി നിലളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1975 ല്‍ പുറത്തിറങ്ങിയ രാഗമാണ് ആദ്യ സിനിമ. അറന്നൂറോളം സിനിമകളില്‍ ചെറുതും വലതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ടി.പി മാധവന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം