പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ഹരിതയുടെ പിതാവ് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), അമ്മാവൻ ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവർക്കാണ് പാലക്കാട് ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
2020 ഡിസംബർ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമായിരുന്നു കൊലപാതകം. ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമായത്.