പൂതനും തിറയും ഓണവില്ലും ; തൃത്താലയുടെ പൈതൃകം ഇനി സഞ്ചാരികൾക്കായി ഒരുങ്ങും


വിനോദസഞ്ചാരികൾക്ക് തൃത്താലയുടെ പൈതൃകത്തെ പ്രകടമാക്കാൻ പദ്ധതിയുമായി തൃത്താല എംഎൽഎ  എം ബി രാജേഷ്.

ദേവീക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച്  കെട്ടിയാടുന്ന പ്രാചീന നാടൻ കലാരൂപമാണ് പൂതനും തിറയും. സവിശേഷ വേഷവിധാനങ്ങളോടെ വീടുകളിലും ക്ഷേത്രങ്ങളിലെ  പൂതനും തിറയും കവിതയും ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.   ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ സഞ്ചാരികൾക്ക്  പൂതനും തിറയും  അടക്കമുള്ള തനത് നാടൻകലകളും മറ്റ്  സവിശേഷ കാഴ്ചകളും അനുഭവങ്ങളും പകർന്നുനൽകാനുള്ള ഒരുക്കത്തിലാണ് തൃത്താല,  പട്ടിത്തറ പഞ്ചായത്തുകൾ. 

രണ്ടു പഞ്ചായത്തുകളിലെയും സാംസ്കാരിക സമ്പത്തുകളെ ക്രോഡീകരിച്ച്  സഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനുള്ള ടൂറിസം റിസോഴ്‌സ്   മാപ്പിങ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ചു.  

ഓണത്തപ്പനെ വരവേൽക്കാൻ കൊട്ടിയിരുന്ന ഓണവില്ല് എന്ന വാദ്യം കേട്ടുകേൾവി മാത്രമാണിന്ന്. എന്നാൽ പട്ടിത്തറ പഞ്ചായത്തിലെ അരിക്കാട്  പ്രദേശത്ത് പല ആഘോഷവേളകളിലും ഇന്നും ഓണവില്ല് കൊട്ടുന്നു. തായമ്പക പോലെ മേളം കൊട്ടിക്കയറുന്ന വില്ലിന്മേൽ തായമ്പക  അരിക്കാട് ജനങ്ങളുടെ വികാരമാണ്.  ഈറൻ പന  കൊണ്ട് നിർമിക്കുന്ന  വില്ലിൽ കവുങ്ങിൻ തടി ചെത്തിയുണ്ടാക്കുന്ന കോലുകൊണ്ടാണ് കൊട്ടുന്നത്. 

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി പട്ടിത്തറയിലെത്തുന്ന സഞ്ചാരികൾക്ക് ഓണവില്ല് കാണുകയും കേൾക്കുകയും ചെയ്യാൻ അവസരമൊരുക്കും. ഓണവില്ല് പോലെ നാടിന്റെ പഴയ പാരമ്പര്യങ്ങളും കലകളും കരകൗശലവിദ്യയും കാർഷികവൃത്തിയും  സഞ്ചാരികൾക്ക് അറിയാനും അനുഭവിക്കാനുമായി ഒരുക്കിവെക്കും. പരമ്പരാഗത ടൂറിസത്തിൽ നിന്ന് വ്യത്യസ്തമായ ഒരു വഴിയാണിത്. 

തൃത്താലയുടെ പ്രകൃതിയെയും ഗ്രാമീണ കലകളെയും കരകൗശല പാരമ്പര്യത്തെയും ഉത്തരവാദിത്ത ടൂറിസം പദ്ധതി വഴി  ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളാണ്   തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിൽ ഇപ്പോൾ നടക്കുന്നത്. ടൂറിസം റിസോഴ്‌സ്  മാപ്പിംഗ് എന്ന  പ്രവർത്തനത്തിലൂടെ രണ്ടു പഞ്ചായത്തുകളിലും എത്തുന്ന സഞ്ചാരികൾക്ക് കാണാനും കേൾക്കാനും ആസ്വദിക്കാനുമുള്ള വിഭവങ്ങളെക്കുറിച്ചുള്ള വിവരശേഖരണമാണ് നടത്തുന്നത്. 

ഈ പ്രവർത്തനം പൂർത്തിയാക്കിയാൽ ഇവ വ്യത്യസ്ത മേഖലകളായി തിരിച്ച്  ടൂറിസം സ്ട്രീറ്റുകൾ തയ്യാറാക്കും. പ്രാദേശികമായ സവിശേഷതകൾ സഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിയുംവിധം  ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്‌നിക് ക്യുസീന്‍ / ഫുഡ് സ്ട്രീറ്റ് , വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് / എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട്  സ്ട്രീറ്റ്  എന്നിങ്ങനെ വിവിധ ടൂറിസം    തെരുവുകള്‍ നിലവില്‍ വരും.  തൃത്താലയുടെയും പട്ടിത്തറയുടെയും  സംസ്കാരം, കലകൾ, കാർഷികസംസ്കാരം, കൈത്തൊഴിലുകൾ,  ഭക്ഷണം, പ്രകൃതി തുടങ്ങിയ വിഭവങ്ങൾ സഞ്ചാരികൾക്കായി  നൽകാൻ കഴിയും. ഇതിലൂടെ സഞ്ചാരികൾക്ക് പ്രത്യേകമായ അനുഭവവും തദ്ദേശീയ ജനങ്ങൾക്ക് വരുമാനവും ലഭിക്കും. 

സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ വെബ്‌സൈറ്റിൽ  ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. അതുവഴി ലോകത്തെങ്ങുമുള്ള സഞ്ചാരികൾക്ക്  തൃത്താലയുടെയും പട്ടിത്തറയുടെയും സവിശേഷതകൾ മനസ്സിലാക്കാൻ കഴിയും. രണ്ടു പഞ്ചായത്തുകളുടെയും തദ്ദേശീയരായ ജനങ്ങളുടെയും സഹായത്തോടെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് റിസോഴ്സ്  മാപ്പിംഗ് നടത്തുന്നത്. 

വീരോപ്പാടം  വട്ട ശ്രീകോവിൽ സവിശേഷമായ വാസ്തുശിൽപവിദ്യയുടെ പ്രതീകമാണ്. പട്ടിക്കായലിലെ വെള്ളം  ഭാരതപ്പുഴയിലേക്ക് ഒഴുക്കുന്ന കൂമൻതോട്, പട്ടിത്തറ പഞ്ചായത്തിലെ പ്രസിദ്ധമായ നേന്ത്രവാഴ കൃഷി, ഭാരതപ്പുഴയുടെ തീരങ്ങൾ, പഴയ മനകൾ അടക്കമുള്ള വീടുകൾ, ആരാധനാലയങ്ങൾ, പറയിപെറ്റ പന്തിരുകുലത്തിലെ ഐതിഹ്യവുമായി ബന്ധപ്പെട്ട സ്മാരകങ്ങൾ, സാഹിത്യ-കലാ പാരമ്പര്യങ്ങൾ  എന്നിവയെല്ലാം  ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലെ വിഭവങ്ങളാണ്.

ഇതടക്കം രണ്ടു പഞ്ചായത്തുകളിലെയും നിരവധി സവിശേഷ ആകർഷണങ്ങളുടെ  വിവര ശേഖരണം 10  ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. തുടർന്ന് ഇവ ക്രോഡീകരിച്ച്  ഉത്തരവാദിത്ത ടൂറിസം മിഷന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.  ഹോംസ്റ്റേകൾ അടക്കം സഞ്ചാരികൾക്കായുള്ള അത്യാവശ്യം പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും. തുടർന്ന് സഞ്ചാരികളെ തൃത്താലയിലേക്ക് ക്ഷണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം