ആനക്കര ഹൈസ്കൂൾ കുന്ന് ലഹരി മാഫിയയുടെ താവളമാകുന്നു പരാതിയുമായി നാട്ടുകാർ


വെയിലാറുന്നതതോടെ കുന്നിനുമുകളിലെ തണുത്തകാറ്റും ചുറ്റുമുള്ള ദൂരക്കാഴ്ചയും ഒപ്പം സൂര്യാസ്തമയവും കാണാനാണ് പണ്ട് ആനക്കര ഹൈസ്കൂൾ കുന്നിനെ ആളുകൾ തേടിയെത്തിയിരുന്നത്. എന്നാൽ നാട് കോവിഡ് ഭീതിയിലമർന്നപ്പോൾ സായാഹ്നം ആസ്വദിക്കാൻ ആളുകൾ ഇല്ലാതായി.

ഈ അവസരം പതിയെ പതിയെ ഈ പ്രദേശത്തെ ലഹരിമാഫിയ താവളമാക്കിമാറ്റി. ഇതോടെ മറ്റുമേഖലയിൽ നിന്നുള്ള യുവാക്കളുടെസംഘം പ്രദേശം കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വസ്തു വിൽപ്പനയും ഉപയോഗവും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. വെള്ളിയാഴ്ച കഞ്ചാവുമായി ഒരു കൗമാരക്കാരാൻ ഹൈസ്കൂൾ പരിസരത്തു നിന്ന്‌ തൃത്താല പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലായി.

രാപകൽ വ്യത്യാസമില്ലാതെ ദൂരെയിടങ്ങളിൽനിന്നുപോലും മദ്യക്കുപ്പികളും വീര്യംകൂടിയ ലഹരി വസ്തുക്കളുമായി അപരിചിതർ കുന്നിലെത്തുന്നതായി നാട്ടുകാർ പറയുന്നു. പോലീസും എക്സൈസും നാമമാത്രമായ അളവിൽ കഞ്ചാവും മദ്യവും ഈ മേഖലയിൽനിന്ന്‌ പിടികൂടുന്നുണ്ടെങ്കിലും ഇതിന്റെ പതിന്മടങ്ങാണ് ഇവിടെ വില്പനയും ഉപയോഗവും.

കഞ്ചാവ് വില്പനയുടെ പ്രധാന ഏജന്റുമാർ മൊബൈൽ എസ്.എം.എസ്., നവമാധ്യമങ്ങൾ എന്നിവയിലൂടെയും രഹസ്യ കോഡ് സന്ദേശത്തിലൂടെയാണ് കഞ്ചാവ് കൈമാറുന്നത്.

ആനക്കര പഞ്ചായത്തിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പനയും വ്യാപകമാണ്. തൃത്താല എക്സൈസ് പോലീസിന്റെ വാഹനം ഒരു മാസത്തോളമായി അറ്റകുറ്റ പണികൾക്കായി കയറ്റിയതുമൂലം പരിശോധന കുറവായത് സംഘങ്ങൾക്ക് സഹായകമാകുന്നുണ്ട്.

ലഹരി ഉപയോഗിച്ചശേഷം ആഡംബര ബൈക്കുകളിൽ അമിതവേഗത്തിൽ പായുന്നത് വഴി യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. ഇങ്ങനെ എത്തുന്നവരുടെ പ്രദേശവാസികളോടുള്ള അപമര്യാദയായുള്ള പെരുമാറ്റവും ഏറിയതോടെ കുന്നിനുമുകളിലെ ലഹരി ഉപയോഗം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനൊരുങ്ങുകയാണ് പ്രദേശത്തെ യുവ കൂട്ടായ്മ.

ഇതിനായി കുന്നിനു മുകളിൽ സംശയാസ്പദമായി കാണുന്നവരെയും ഇവരുടെ വാഹനങ്ങളെയും സംബന്ധിച്ച്‌ പോലീസിന് വിവരങ്ങൾ കൈമാറനാണ് ഇവരുടെ തീരുമാനം. ഹൈസ്കൂൾ കുന്നിന്റെ പരിസരങ്ങളിൽ കൂടുതൽ പോലീസ് നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം