കടുത്ത ചൂടും തണുപ്പും സഹിച്ച് രണ്ട് രാത്രിയും പകലും കൂമ്പാച്ചി മലയില്‍ അതിജീവിച്ച ചെറാട് സ്വദേശി ആര്‍.ബാബു തന്റെ അനുഭവം മാധ്യമങ്ങളോട് പങ്കുവച്ചു.
യാത്ര പോകാന്‍ ഇനിയും ആഗ്രഹമുണ്ടെന്ന് പറയുന്ന ബാബു, അനുമതിയില്ലാതെ ആരും യാത്ര പോകരുതെന്നും ഇനിയാരും താന്‍ ചെയ്തത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും തുടക്കത്തിലെ പറഞ്ഞു. ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ബാബു.
തിങ്കളാഴ്ച പകല്‍ പത്തു മണിയോടെയാണ് മൂന്നു കൂട്ടുകാരുടെ കൂടെ മല കയറിയത്. താനാണ് അവരെ വിളിച്ചത്. കുറച്ചുദൂരം കയറിപ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. അവര്‍ തിരികെ പോയി. കൂട്ടുകാരുടെ കൂടെ മുന്‍പും പല തവണ താന്‍ ഈ മല കയറിയിട്ടുണ്ട്. മല തിരിച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുല്ലില്‍ ചവിട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ഭയമുണ്ടായിരുന്നില്ല. രക്ഷപ്പെടാന്‍ പറ്റുമെന്ന ധൈര്യമുണ്ടായിരുന്നുവെന്നും ബാബു പറഞ്ഞു.
ആദ്യം ഇരുന്ന സ്ഥലത്തു തന്നെ കാണാന്‍ പറ്റുന്നില്ലായിരുന്നു. ഹെലികോപ്ടര്‍ വന്നെങ്കിലും തന്നെ രക്ഷിക്കാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു. കൂടുതല്‍ സുരക്ഷിതനായി ഇരിക്കാനാണ് കുറച്ചുകൂടി താഴേക്ക് ഇറങ്ങിയത്. ഇരുന്ന സ്ഥലത്തുനിന്നും മുകളിലേക്ക് കയറാന്‍ ഒട്ടും പറ്റിയിരുന്നില്ല. താഴത്തേക്ക് ഇറങ്ങാനേ പറ്റൂ. എന്നാല്‍ കാലിന് പരിക്കുള്ളതിനാല്‍ അതും പറ്റിയില്ല. വീണുപോകുമെന്ന ഭയമൊന്നുമില്ലായിരുന്നു. ധൈര്യമുണ്ടായിരുന്നു. രണ്ടു രാത്രിയും പകലും ഉറങ്ങാതെ പിടിച്ചുനിന്നു. ഉറങ്ങിപ്പോയാല്‍ പിടിവിട്ട് താഴേക്ക് വീഴുമെന്ന് അറിയാമായിരുന്നു.
മൊബൈല്‍ ആദ്യം ദിവസം വൈകിട്ട് ആറു മണിയോടെ ഓഫായി പോയിരുന്നു. മലയിടുക്കില്‍ കുടുങ്ങിയപ്പോള്‍ കൂടെ പോന്ന കുട്ടികളെ ആദ്യം വിളിച്ചു. ചിത്രവും അയച്ചുകൊടുത്തു. ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. അവരാണ് പോലീസില്‍ വിവരം അറിയിച്ചത്. മലമ്ബുഴ സ്‌റ്റേഷനില്‍ നിന്നും തന്നെ വിളിച്ചിരുന്നു. മലയ്ക്കു മുകളില്‍ നിന്നപ്പോള്‍ എന്തായിരുന്നു അനുഭവമെന്ന ചോദ്യത്തിന് 'വെളിച്ചം വരുമ്ബോള്‍ നല്ല ഭംഗിയാണ്. പാലക്കാട് ടൗണ്‍ മുഴുവന്‍ കാണാമെന്നായിരുന്നു' ബാബുവിന്റെ മറുപടി.
നേരത്തെ തിരുവനന്തപുരത്ത് എയര്‍ഫോഴ്‌സ് കാന്റീനില്‍ ജോലി ചെയ്തിട്ടുണ്ട്. സേനയില്‍ ചേരാന്‍ തനിക്ക് ആഗ്രഹമുണ്ട്. തിരുവനന്തപുരത്ത് ജോലി പോകുമ്ബോള്‍ മുറിയെടുക്കാന്‍ പണമില്ലാതെ രാത്രി ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ അനുഭവമുണ്ട്. മലമുകളില്‍ ഒറ്റപ്പെട്ടു പോയ അവസ്ഥയില്‍ എന്തായിരുന്നു ചിന്ത എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ 'വെള്ളം കിട്ടാന്‍ എന്താണ് മാര്‍ഗമെന്നായിരുന്നു ചിന്തയെന്ന് 'ബാബു പറഞ്ഞു. മല കയറാന്‍ പോകുമ്ബോള്‍ കയ്യില്‍ രണ്ട് ദോശയും അഞ്ച് പൊറോട്ടയും മാത്രമാണുണ്ടായിരുന്നത്.
നാളെ മുതല്‍ പത്രവിതരണത്തിന് പോകും. എവറസ്റ്റ് കയറാന്‍ മോഹമുണ്ടെന്നും ബാബു പറഞ്ഞു.