ഇന്നലെ മരണപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ വിയോഗത്തെ തുടർന്ന് ആദരസൂചകമായി സംസ്ഥാനത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് കീഴിലുള്ള കടകൾ തുറക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
ജീവിതത്തിലെ സിംഹഭാഗവും വ്യാപാരികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മഹത് വ്യക്തിയാണ് ടി നസറുദ്ദീൻ.
1991 മുതൽ മൂന്നുപതിറ്റാണ്ടായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു. കേരളത്തിൽ വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.
1944-ൽ കണ്ണൂരിലെ പ്രമുഖ വ്യാപാരിയായ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും മകനായാണ് ജനനം. ഹൈസ്ക്കുൾ പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാര സ്ഥാപനമായ ബ്യൂട്ടി സ്റ്റോഴ്സിന്റെ ഉടമയാണ്.
വെള്ളിയാഴ്ച വൈകീട്ട് മതാചാരപ്രകാരം അന്ത്യകർമ്മങ്ങൾ നിർവഹിക്കും.