ജീർണിച്ച് വീഴാറായി പെരുമണ്ണൂരിലെ പഴയ അങ്കണവാടി കെട്ടിടം

പെരുമണ്ണൂർ അംഗണവാടി


By : സി.മൂസ പെരിങ്ങോട്

1980-ൽ ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂരിൽ കുറുപ്പത്തെ സാധാരണ കർഷക കുടുംബാംഗമായ ലക്ഷ്മിക്കുട്ടിയമ്മയാണ് 10 സെന്റ് പഞ്ചായത്തിന് വിട്ടുനൽകിയത്.

തുടർന്ന്, 42 വർഷംമുമ്പ് മഹിളാസമാജത്തിനുകീഴിൽ ഒരു ബാലവാടി ഇവിടെ രൂപംകൊള്ളുകയും പ്രവർത്തിക്കയും ചെയ്തിരുന്നു. പിന്നീട് കെട്ടിടം ശോച്യാവസ്ഥയിലായി. 2015-16 വർഷത്തിൽ എം.എൽ.എ. ഫണ്ടുപയോഗിച്ച് സാമൂഹികക്ഷേമ വകുപ്പിനുകീഴിൽ കുറച്ചുമാറി പുതിയ അങ്കണവാടിക്കെട്ടിടം നിർമിച്ചു.

ശോച്യാവസ്ഥയിലായിരുന്ന പഴക്കംചെന്ന ഓടിട്ട കെട്ടിടം, പുതിയകെട്ടിടം വന്നതോടെ പൊളിച്ചുമാറ്റാൻ തീരുമാനമായെങ്കിലും നടന്നില്ല. 10 സെന്റിൽ ഒരരികിലായി രണ്ടുസെന്റിലാണ്‌ പുതിയകെട്ടിടം നിർമിച്ചത്. പഴയകെട്ടിടം പൊളിച്ചുനീക്കി ഈസ്ഥലം പുതിയ ജനോപകാരപ്രദമായ പദ്ധതികൾക്ക് ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചിതലുകയറി ദ്രവിച്ചുനിൽക്കുന്ന കെട്ടിടത്തിൽ നിറയെ ഇഴജന്തുക്കളും രാത്രിയായാൽ തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രവുമാണ്.

കഴുക്കോലുകളും ഓടും ഏതുസമയവും അടർന്നുവീഴുമെന്ന ഭീഷണിയുമുണ്ട്. ഓരോവർഷവും പല വികസനപദ്ധതികളും പ്രദേശങ്ങളിൽ വന്നുപോകുന്നുണ്ടെങ്കിലും ആരോഗ്യം, സാംസ്കാരികം, വയോജന സംരക്ഷണം തുടങ്ങി സ്ഥലമാവശ്യമായ വികസനപദ്ധതികൾ ഇവിടേക്ക് വരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പഴയതലമുറയിൽ ധാരാളം പാരമ്പര്യ ചികിത്സകരും വിഷവൈദ്യ ചികിത്സയുമെല്ലാം പെരുമണ്ണൂരിന്റെ പ്രത്യേകതയാണ്. ഇവിടെ, പുതിയ തലമുറയിൽപ്പെട്ട ധാരാളം കുട്ടികളും ആയുർവേദ ചികിത്സാരംഗം തിരഞ്ഞെടുത്തിട്ടുമുണ്ട്. ആയുർവേദരംഗത്തോട് പ്രതിപത്തിയും താത്പര്യവുമുള്ള ഒട്ടേറെ കുടുംബങ്ങളും ഇവിടെയുണ്ട്.

പഴയകെട്ടിടം പൊളിച്ചുനീക്കി, സർക്കാരും ആരോഗ്യവകുപ്പും മുൻകൈയെടുത്ത് പുതിയ ആശുപത്രിക്കുള്ള സാധ്യതകൾ ഉണ്ടാക്കണമെന്നാണ് പെരുമണ്ണൂരുകാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം