സുപ്രീംകോടതി വിധി നടപ്പാക്കി; കനത്ത സുരക്ഷയിൽ തിരുപ്പറകുൺറം മലമുകളിലെ സർവേക്കല്ലിൽ ദീപം തെളിച്ചു

ചെന്നൈ: മധുര തിരുപ്പറകുൺറം സർവേ കല്ലിൽ സുപ്രീംകോടതി നിർദേശം അനുസരിച്ച് ദീപം തെളിച്ചു. സുപ്രീംകോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിലാണ് ദീപം തെളിയിച്ചത്. ക്ഷേത്ര ബോർഡ് ട്രസ്റ്റിനെ കോടതി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സുരക്ഷ കണക്കിലെടുത്ത് മലമുകളിലേക്ക് 50 പേരെ മാത്രമാണ് കടത്തിവിട്ടത്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ കടത്തിവിടും. ഒരു മണിക്കൂർ ദീപം തെളിച്ചുനിർത്തും. പെരിയ രഥ വീഥിക്ക് സമീപം ദർഗയിലേക്ക് തിരിയുന്നിടത്ത് ഭക്തരെ പൊലീസ് തടഞ്ഞു. അവിടെ നിലത്തിരുന്ന് ദീപം കാണാനാണ് ഭക്തർ ശ്രമിക്കുന്നത്.

ഒരുതവണത്തേക്ക് ദീപം തെളിക്കാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽനിന്നോ ഇല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ദീപം തെളിക്കാനാണ് ജഡ്ജിമാരായ അരവിന്ദ് കുമാർ, വിപുൽ പഞ്ചോളി എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചുള്ള ഹരജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രധാന നിർദേശം.

കുന്നിൻ മുകളിലെ ദർഗയുടെ 50 മീറ്റർ അകലെയുള്ള സർവേക്കല്ലിൽ വിളക്കുകൊളുത്താൻ അവകാശം തേടി ഹിന്ദുസംഘടനകൾ മദ്രാസ് ഹൈകോടതി മധുര ബെഞ്ചിൽ നൽകിയ ഹരജിയോടെയാണ് വിഷയം ചർച്ചയായത്. ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ലെന്നും പരമ്പരാഗതമായി മറ്റൊരു സ്ഥലത്താണ് ആചാരം നടത്തിയിരുന്നതെന്നുമായിരുന്നു ക്ഷേത്രഭരണസമിതിയുടെ വാദം. ഇതു ദർഗയെ ബാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദീപം കൊളുത്താൻ ഹൈകോടതി അനുമതി നൽകുകയായിരുന്നു. ദീപത്തൂൺ ബ്രിട്ടിഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേ കല്ലാണെന്നാണ് സർക്കാർ വാദിച്ചത്. തുടർന്ന് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ ചീഫ് സെക്രട്ടറി, ഡി.ജി.പി, മധുര കലക്ടർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ തുടങ്ങിയവർക്കും സുപ്രീംകോടതി നോട്ടിസയച്ചിട്ടുണ്ട്. കോടതി ഉത്തരവ് ആർക്കും ദുർബലപ്പെടുത്താനാവില്ലെന്നും ഭരണഘടന പ്രതിസന്ധിയുണ്ടാക്കാനുള്ള നീക്കം തടയുമെന്നും സുപ്രീംകോടതി താക്കീതും നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം