‘ശബ്ദം’ ആർട്സ് ഫെസ്റ്റിന് അയ്യൂബി ഗേൾസ് വില്ലേജിൽ തുടക്കമായി

തൃത്താല: അയ്യൂബി ഗേൾസ് വില്ലേജിന്റെ നാലാമത് ആർട്സ് ഫെസ്റ്റ് ‘ശബ്ദം’ ആരംഭിച്ചു. ത്വയ്ബ വാലി ഗേൾസ് വില്ലേജിൽ നടന്ന ഫെസ്റ്റ് സാമൂഹിക പ്രവർത്തകനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഒ.കെ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. അബ്‌ദുറഹ്‌മാൻ ഹാജി കുഞ്ഞുക്കാസ് വിശിഷ്ടാതിഥിയായി. ജനാധിപത്യം, മതേതരത്വം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ വെല്ലുവിളികൾ നേരിടുന്ന കാലത്ത് ‘ശബ്ദം’ എന്ന പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന കലാമേള മാതൃകാപരമാണെന്നും ഉദ്ഘാടകൻ പറഞ്ഞു.

ശബ്ദത്തിന്റെ ചരിത്രം, സാമൂഹിക-സാംസ്കാരിക വികാസം, സ്വാധീനം എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പുതിയ പഠന-ഗവേഷണ മേഖലകളിലേക്ക് അവരുടെ ചിന്തകളെ നയിക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യമെന്ന് ഗേൾസ് വില്ലേജ് ഡയറക്ടർ ഉനൈസ് സഖാഫി പറഞ്ഞു. പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും മുന്നറിയിപ്പുകളുടെയും പ്രതീകമായ ‘നഗാര’, ഇസ്ലാമിക കലാ-സാംസ്കാരിക പാരമ്പര്യത്തിലെ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും താളമായ ‘അറബന’ എന്നിവയാണ് രണ്ട് വേദികൾക്ക് നൽകിയ പേരുകൾ.

നാലുദിവസങ്ങളിലായി രണ്ട് വേദികളിൽ നടക്കുന്ന ഫെസ്റ്റിൽ കലാ-സാഹിത്യ-സാംസ്കാരിക മത്സരങ്ങൾക്കൊപ്പം സമകാലിക സാമൂഹിക വിഷയങ്ങളും ചർച്ചയാകും. വർത്തമാനകാലത്തോട് സംവദിക്കുന്ന രചനകൾ, ചിത്രങ്ങൾ, കലാവതരണങ്ങൾ, ചുമരെഴുത്തുകൾ എന്നിവയും അരങ്ങേറും. അയ്യൂബി എജുസിറ്റി ഭാരവാഹികളായ ഹൈദർ മുസ്‌ലിയാർ, അബ്ദുൽ കബീർ അഹ്സനി, അബൂബക്കർ, ഹൈദർ അലി എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം