ഡല്‍ഹിയിലെ ഇന്റര്‍നെറ്റ് നിരോധനം; സുപ്രീംകോടതിയില്‍ നീരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടിയില്‍ സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് മാപ്പപേക്ഷ നല്‍കിയത്. കോടതി അലക്ഷ്യ നടപടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും ഡല്‍ഹി പൊലീസിനെതിരെയും ആരംഭിച്ചിരുന്നു. ഇത് പരിഗണിക്കാനിരിക്കെയാണ് മാപ്പപേക്ഷയുമായി കേന്ദ്രം സുപ്രീം കോടതിയില്‍ എത്തുന്നത്. മനേകാ ഗുരുസ്വാമി ഉള്‍പ്പെടെയുള്ള അഭിഭാഷകരാണ് കേന്ദ്രത്തിനെതിരെ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. ഇതില്‍ ഇന്ന് മറുപടി നല്‍കണമെന്നാണ് കേന്ദ്രത്തോട് കോടതി അറിയിച്ചിരുന്നത്.

ഇതിലാണ് രാജ്യ തലസ്ഥാനത്ത് സിജെപി സമരത്തെ തടയാനായി ഇന്റര്‍നെറ്റ് നിരോധിച്ചതില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നെന്ന് കേന്ദ്രം വ്യക്തമാക്കിയത്. സിജെപി സമരത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ട്രെയിനുകള്‍ റദ്ദാക്കുകയും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും ചെയ്യുന്ന നടപടികളിലേക്ക് കേന്ദ്രം കടന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും ജനങ്ങള്‍ക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നുമാണ് കോടതി പറഞ്ഞത്.

എന്നാല്‍ ഇതിനെ മറികടന്നാണ് വീണ്ടും സിജെപി പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്രം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇതിനെതിരെയാണ് കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നത്. എന്നാല്‍ ആവശ്യമായ ഘട്ടങ്ങളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കാന്‍ ഒക്ടോബറിലെ വിധിയില്‍ മാറ്റം വരുത്തണമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം