
കൂറ്റനാട്: പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പരിധിയിൽ വരുന്ന ഗ്രന്ഥശാലാ ഭാരവാഹികൾക്കും ലൈബ്രേറിയൻമാർക്കുമായി ഏകദിന നേതൃത്വ പരിശീലന ക്യാമ്പും പഠന ശില്പശാലയും സംഘടിപ്പിച്ചു. കൂറ്റനാട് തൃത്താല ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ ഡോ. സി.പി. ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ഗ്രന്ഥശാലകളിൽ നടപ്പാക്കുന്ന പുതിയ പ്രവർത്തനങ്ങളെക്കുറിച്ച് കെ. സന്ധ്യയും ജില്ലാ പദ്ധതികളെക്കുറിച്ച് ഷാജു ഒറ്റപ്പാലവും ക്ലാസുകൾ നയിച്ചു.
ഒ. രാജൻ, പി.കെ. ബാലചന്ദ്രൻ, എ. കൃഷ്ണകുമാർ, രാജൻ മാടായി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുള്ള നേതൃത്വപരമായ പരിശീലനവും ആശയവിനിമയവുമാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.