സമരക്കാരുടെ വയറെരിയാതിരിക്കാൻ കരുതൽ: ജന്തര്‍ മന്തറിൽ എത്തിയത് അജ്ഞാതരുടെ നൂറോളം ഭക്ഷണ ഓര്‍ഡറുകള്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി അടക്കമുള്ള സംഘടനകള്‍ സമരം നടത്തുന്ന ജന്തര്‍ മന്തറിലേക്ക് വന്നത് അജ്ഞാതര്‍ ഓര്‍ഡര്‍ ചെയ്ത നൂറുകണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍ എന്ന് വിവരം. സ്വിഗി, സൊമാറ്റൊ പോലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് മുന്‍കൂര്‍ പണമടച്ച് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിയത്. സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ വിശന്നിരിക്കുകയായിരിക്കും എന്ന് കരുതി അവര്‍ക്ക് ഐക്യദാഢ്യമെന്നോണമാണ് ഭക്ഷണം എത്തിയതെന്നാണ് കരുതുന്നത്.

 സമരക്കാരോടുള്ള വേറിട്ട പിന്തുണ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വലിയ മഴയിലും സമരകേന്ദ്രത്തിലേക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ജീവനക്കാരുടെ വീഡിയോകള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ സമര കേന്ദ്രത്തില്‍ ആവശ്യത്തിന് ഭക്ഷണമുണ്ടെന്നും ഇനി ഭക്ഷണമെത്തിക്കേണ്ടതില്ലെന്നുമാണ് സിജെപി പറയുന്നത്. ഭക്ഷണം പാഴാകാന്‍ അത് കാരണമായേക്കാമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം അയച്ചു നല്‍കിയവരുടെ സ്‌നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നതായും സിജെപി പറഞ്ഞു.

സിജെപി സമരം ഇന്നും ജന്തര്‍ മന്ദറില്‍ തുടരും. മിന്നല്‍ സമരങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പാര്‍ലമെന്റിന് മുന്നില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പൊലീസ്, സിആര്‍പിഎഫ് സേനകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. റാപിഡ് ആക്ഷന്‍ ഫോഴ്സും സുരക്ഷ ഏര്‍പ്പെടുത്തുന്നുണ്ട്. പ്രധാന റോഡുകള്‍ അടച്ചിരിക്കുകയാണ്. ഇന്നും അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ വലിയ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം നടത്തുന്നത്. 

രാഷ്ട്രപതി ഭവനിലേയ്ക്കടക്കം മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ബിഎസ്എഫ് അടക്കമുള്ള കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്. രാവിലെ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം പാര്‍ലമെന്റ് കവാടത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനും നീക്കമുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയിലെ പ്രതിഷേധങ്ങള്‍ പരിഗണിച്ച് കണ്ണീര്‍ വാതകവും ടിയര്‍ ഗ്യാസുമടക്കം പാര്‍ലമെന്റിന് മുന്നില്‍ സജീകരിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം