തൃശൂർ മണലൂരിൽ വീടിനു മീതെ മരം വീണ് യുവാവ് മരിച്ചു. കമ്പനിപടി തൃപ്രണത്ത് വീട്ടിൽ സുബ്രൻ്റെ മകൻ വിഷ്ണുവാണ് (28) മരിച്ചത്. വീടുപണിയുടെ ഭാഗമായി കെട്ടിയ ഓലഷെഡിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലുണ്ടായിരുന്ന കശുമാവിൻ മരം ഷെഡിന് മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് വിഷ്ണുവിനെ മരത്തിൻ്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മരം മുറി തൊഴിലാളിയാണ് വിഷ്ണു. അമ്മ മറ്റൊരു വീട്ടിലായതിനാൽ രക്ഷപ്പെട്ടു. പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ എടുത്ത് തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കനത്ത മഴയിൽ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മരം കടപുഴകി വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ക്ഷേത്രത്തിൽ പൂജാരിയാണ്. ശ്രീനാരായണപുരം- പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. മരത്തിനിടയിൽ പെട്ട് മണികണ്ഠൻ തൽക്ഷണം മരിച്ചു.
