
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ഇന്ന് രാവിലെ ആരംഭിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ വിവിധ ജില്ലകളില്‍ ബസുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു.
തിരുവനന്തപുരം കണിയാപുരം, നെടുമങ്ങാട്, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ വാഹനതടയല്‍ നടന്നു. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ പുറത്തേക്ക് പോകാന്‍ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. കണിയാപുരത്ത് ഒന്നരമണിക്കൂറിലേറെയായി ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി.
ഇടുക്കി തൊടുപുഴ നഗരത്തിലും വടക്കന്‍ പറവൂരിലെ കച്ചേരിപടിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ക്രമസമാധാനം നിലനിര്‍ത്താന്‍ വിവിധ പ്രദേശങ്ങളില്‍ പൊലീസ് വിന്യസിച്ചിട്ടുണ്ട്.
നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വീസുകള്‍ക്ക് ഹര്‍ത്താലില്‍ നിന്ന് ഒഴിവ് നല്‍കിയിട്ടുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.