കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം സി.മൂസ പെരിങ്ങോടിന്

പത്ര–ദൃശ്യ–ശ്രവ്യ–ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു.) സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ പ്രഥമ അച്ചടി മാധ്യമ പുരസ്കാരം സി. മൂസ പെരിങ്ങോടിന് ലഭിച്ചു. കണ്ണൂരിൽ ഞായറാഴ്ച നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുരസ്ക്കാര പ്രഖ്യാപനം നടന്നത്. കണ്ണൂർ ജില്ലയിലെ മെട്രോ വാർത്ത ലേഖകൻ മടവൂർ അബ്ദുൾ ഖാദർ, വിഷ്വൽ മീഡിയ രംഗത്ത് മോഹൻ ചീക്കിലോട്ട് കോഴിക്കോട് എന്നിവരെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തു. 

2020 മുതൽ മാതൃഭൂമി പാലക്കാട് യൂണിറ്റിൽ കൂറ്റനാട് ലേഖകനായി പ്രവർത്തിക്കുന്ന സി. മൂസ പെരിങ്ങോടിനാണ് അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പ്രഥമ പുരസ്കാരം. മനുഷ്യരുടെ ജീവിതം വായനക്കാരിലേക്ക് എത്തിക്കുന്ന റിപ്പോർട്ടിനാണ് പുരസ്കാരം. മെയ് ഒന്നിന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ഒരു കൈ മതി തൊഴിലെടുക്കാൻ ഈ പേരാളിക്ക് എന്ന റിപ്പോർട്ടിനാണ് പുരസ്കാരം ലഭിച്ചത്. പ്രൈമറി അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം മുഴുവൻ സമയ പ്രവർത്തകനായി മാധ്യമ രംഗത്തേക്ക് പ്രവേശിച്ചത്. 

അധ്യാപകനായിരിക്കെ സംസ്ഥാന തലത്തിൽ നാല് തവണ മികച്ച പ്രഭാഷകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്ലാസ് മുറികളിൽ നിന്നും ജീവിതത്തിൻ്റെ തുറന്ന പാഠങ്ങളിലേക്കുള്ള യാത്രയിൽ മനുഷ്യനേയും, സമൂഹത്തേയും, സാധാരണക്കാരേയും കേന്ദ്രീകരിച്ചുള്ള ആഴമുള്ള റിപ്പോർട്ടുകളും , അവതരണ ശൈലിയും കൊണ്ടാണ് സി.മൂസ മാധ്യമ രംഗത്ത് ശ്രദ്ധേയനാവുന്നത്. ജനുവരിയിൽ ചാലിശ്ശേരിയിൽ നടന്ന ദേശീയ സരസ് മേളയിൽ സമഗ്ര റിപ്പോർട്ടിംഗിനായി മാതൃഭൂമിക്ക് ലഭിച്ച പ്രത്യേക ജൂറി അവാർഡും ഇദ്ദേഹത്തിനുള്ള മറ്റൊരു അംഗീകാരമായി.

വാർത്താ ലോകത്തിനപ്പുറത്തും സമൂഹ ജീവിതത്തിലും സാംസ്കാരിക രംഗത്തും ഇദ്ദേഹം സജീവ സാന്നിധ്യമാണ്. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം, വന - സംരക്ഷണ സമിതി പ്രവർത്തകൻ, അധ്യാപക യൂണിയൻ ഭാരവാഹി, സംഘാടകൻ, സഹകാരി, ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹി എന്നീ നിലകളിലും ഇദ്ദേഹം സജീവമായിരുന്നു. സംഘടനയുടെ ജില്ലാ രക്ഷാധികാരി, കൂറ്റനാട് പ്രസ് ക്ലബ് പ്രസിഡൻ്റ്, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചുവരുന്നു.

അടുത്ത മാസം സംഘടിപ്പിക്കുന്ന ക്ഷണിക്കപ്പെട്ട സദസ്സിൽ വെച്ച് പുരസ്കാര വിതരണം നടക്കുമെന്ന് സംഘടനാ ഭാരവാഹികളായ പ്രസിഡൻ്റ് പീറ്റർ ഏഴിമല, ജനറൽ സെക്രട്ടറി വി.സെയദ് എന്നിവർ അറിയിച്ചു. ഭാര്യ: എം.സി. സുമയ്യ (പ്രധാന അധ്യാപിക, ചാത്തനൂർ GLP സ്കൂൾ). മക്കൾ: ഷഹബാസ് (ബിസിനസ്), ഷബ്ന (ഖത്തർ) മരുമക്കൾ: പി.കെ. ഷഫീഖ് (ഖത്തർ), ഷാസി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം