നഷ്ടപ്പെട്ട സ്വർണ്ണമാല തിരിച്ചു കിട്ടി

ചാലിശ്ശേരി കവുക്കോട് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജീഷ്- രശ്മി ദമ്പതികളുടെ അദ്രിജ (7) എന്ന കുട്ടിയുടെ മാലയാണ് ഞായറാഴ്ച ക്ഷേത്ര ദർശനത്തിനിടെ നഷ്ടപ്പെട്ടിരുന്നത്.

തിങ്കളാഴ്ച രാവിലെ ഏഴര മണിയോടുകൂടി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്താൻ കൂട്ടുകാരോടൊപ്പം എത്തിയ ശരത് സ്വാമിയുടെ കണ്ണിലാണ് ആദ്യം സ്വർണ്ണ മാല തെളിഞ്ഞത്. ശനിയാഴ്ച നടന്ന ദേശവിളക്കിന് നിർമ്മിച്ച താൽക്കാലിക വിളക്കു പന്തലിന് സമീപത്താണ് സ്വർണ്ണ മാല കിടന്നിരുന്നത്.

സ്വർണ്ണമാല കിട്ടിയ ഉടൻ തന്നെ ശരത് സ്വാമിയും കൂട്ടുകാരായ സ്വാമിമാരും കൂടി ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെത്തി മാല ഏൽപ്പിച്ചു.    ചാലിശ്ശേരിയിൽ നിന്നും കാൽ നടയായി സ്വാമി അയ്യപ്പനെ കാണാനുള്ള യാത്ര ആരംഭിക്കുന്ന ദിനത്തിൽ തന്നെ ഇത്തരമൊരു പുണ്യ പ്രവൃത്തി ചെയ്തതിന്റെ സന്തോഷത്തിലാണ് കടവാരത്ത് ശരത് സ്വാമി.

സ്വർണ്ണ മാല യഥാർത്ഥ ഉടമസ്ഥരുടെ തന്നെയാണെന്ന് ഉറപ്പുവരുത്തിയ പോലീസ് ഉദ്യോഗസ്ഥർ ദമ്പതികൾക്ക് മാല നൽകി. മുലയം പറമ്പത്ത് കാവ് വിളക്ക് ആഘോഷ കമ്മിറ്റി സെക്രട്ടറി ഭാസ്കരൻ ആലിക്കര, മാല കണ്ടെടുത്ത ശരത് സ്വാമി, കൂട്ടുകാരൻ ബാബു സ്വാമി, 

പ്രദീപ് ചെറുവാശ്ശേരി എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വർണ്ണ ചെയിൻ ദമ്പതികൾക്ക് കൈമാറിയത്.ശരത് സ്വാമിയും കൂട്ടരും കഴിഞ്ഞ ആറ് വർഷമായി ചാലിശ്ശേരിയിൽ നിന്നും കാൽനടയായാണ് ശബരിമല ദർശനം നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം