തിരുവനന്തപുരം: ഗത്യന്തരമില്ലാതെയാണ് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതെന്ന് മന്ത്രി പി രാജീവ്. രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥാനമാനങ്ങളും എല്ലാ പ്രോത്സാഹനവും നൽകി വളർത്തിയത് കോൺഗ്രസാണെന്നും പി രാജീവ് പറഞ്ഞു.രാഹുൽ MLA സ്ഥാനം രാജിവെക്കണമെന്ന് നാടാകെ ആവശ്യപ്പെടുന്നു. എല്ലാം അറിഞ്ഞിട്ടും കോൺഗ്രസ് നേതൃത്വം സംരക്ഷിച്ച് പുതിയ പദവികൾ നൽകി. മറ്റൊരു പാർട്ടിയും നൽകാത്ത അത്ര അംഗീകാരവും ചേർത്ത് പിടിക്കലുമാണ് കോൺഗ്രസ് പാർട്ടി രാഹുലിന് നൽകിയത്.
പുറത്താക്കിയത് കോൺഗ്രസ് നിലം തൊടാത്ത അവസ്ഥ വന്നപ്പോഴാണ്. എല്ലാ പ്രോത്സാഹനവും നൽകി കോൺഗ്രസ് ആണ് ഈ അവസ്ഥ സൃഷ്ടിച്ചത്. മാതൃകാപരമായ നപടിയെങ്കിൽ മുൻകാല പ്രാബല്യത്തോടെ 2 നിയമസഭ അംഗങ്ങളെ കൂടി കോൺഗ്രസ് പുറത്താക്കേണ്ട സമയം കഴിഞ്ഞു. ഇത് ഒരു ഗത്യന്തരവും ഇല്ലാതെ എടുത്ത നടപടി ആണ്,' പി രാജീവ് പറഞ്ഞു.പെരുമ്പാവൂർ എംഎൽ എൽദോസ് കുന്നപ്പിള്ളി, കോവളം എംഎൽഎ എം വിൻസന്റ് എന്നിവരെയാണ് രാജീവ് പരാമർശിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ഇരുവർക്കുമെതിരെ ലൈംഗികാതിക്രമ പരാതിയും കേസും ഉയർന്നിരുന്നു. രണ്ട് പേരും കേസുകളിൽ ജാമ്യം നേടുകയായിരുന്നു.
ഇടത് എംഎൽഎയായ മുകേഷിനെതിരെയുള്ള പരാതിയെ കുറിച്ചുള്ള ചോദ്യത്തോടും രാജീവ് പ്രതികരിച്ചു. ആ കേസും ഇതും താരതമ്യം ചെയ്യാൻ പാടില്ല. രണ്ടും രണ്ടാണ്. ഇത് കേട്ടുകേൾവിപോലും ഇല്ലാത്ത കുറ്റകൃത്യമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നാണ് രാഹുലിനെതിരായ കേസ്. മുഖ്യമന്ത്രിക്ക് യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേരളത്തിനു പുറത്തുള്ള മറ്റൊരു സ്ത്രീ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
കേസിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പിൾ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇന്നലെ ഒന്നേമുക്കാൽ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്. തൊട്ടുപിന്നാലെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും രാഹുലിനെ പുറത്താക്കിയതായി കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചത്. മുൻകൂർ ജാമ്യത്തിനായി രാഹുൽ നിലവിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ആദ്യം താൻ പ്രതിനിധീകരിക്കുന്ന പാർട്ടിയിൽ നടന്നിട്ടുള്ള ഇമ്മാതിരി വൃത്തികേടുകൾ അടിച്ചു വൃത്തിയാക്കിയിട്ട് വരൂ, എന്നിട്ടാകാം മറ്റുള്ളവരെ ഉപദേശിക്കാൻ, മനസ്സിലായോ അന്തം!!!
മറുപടിഇല്ലാതാക്കൂ