തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16നും അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കുക. കേരള അടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് സമയപരിധി നീട്ടിയത്. ഛത്തിസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്‌നാട്, യുപി, പശ്ചിമബംഗാള്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ എന്നിവടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കാണ് നിലവില്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പന്ത്രണ്ട് ദിവസത്തോളം നീട്ടികിട്ടിയതോടെ ബിഎല്‍ഒമാര്‍ക്കാണ് കൂടുതല്‍ ആശ്വാസമായി. ഫോമുകള്‍ ശേഖരിക്കുന്നതിന് പുറമേ വിവരങ്ങള്‍ അപ്പ്‌ലോഡ് ചെയ്യാനും ബുദ്ധിമുട്ടിവരികയായിരുന്നു ബിഎല്‍ഒമാര്‍. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പശ്ചിമബംഗാളിലെ തൃണമൂല്‍ നേതാക്കന്മാര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ട് സംസാരിച്ചിരുന്നു. ബംഗാളില്‍ ഇപ്പോഴും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. കേരളം ഇക്കാര്യത്തില്‍ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
