
തൃത്താല: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സി.എ. റംഷാദ്, നിയോജകമണ്ഡലം സെക്രട്ടറി അസ്‌ലം പൂക്കരത്ത് എന്നിവർ മാധ്യമങ്ങൾക്ക് മുമ്പിൽ നടത്തിയ പരസ്യ പ്രതികരണത്തിനെതിരെ കെഎസ്‌യു നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് യാസിർ. ഈ പ്രസ്താവനകളോട് നിയോജകമണ്ഡലം കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്നും, കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെ ഈ ഭാരവാഹികൾ സ്വമേധയാ പ്രതികരിച്ചതാണെന്നും കമ്മിറ്റി വ്യക്തമാക്കി.
പാർട്ടിക്ക് അകത്ത് തീർക്കേണ്ട വിഷയങ്ങൾ മാധ്യമങ്ങളിൽ പരസ്യമായി പ്രചരിപ്പിച്ച നടപടി സംഘടനാ വിരുദ്ധവും, പാർട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതുമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്കു പുറമേ തൃത്താല നിയോജകമണ്ഡലത്തിലെ കെപിസിസി ഭാരവാഹികളായ വി.ടി ബൽറാം, സി.വി ബാലചന്ദ്രൻ മാസ്റ്റർ എന്നിവരെ ലക്ഷ്യമിട്ട് സമാനമായ അച്ചടക്കലംഘനങ്ങൾ മുമ്പും നടന്നിട്ടുണ്ടെന്നും കമ്മിറ്റി ആരോപിച്ചു.
ഈ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മേൽ കമ്മിറ്റികൾക്ക് കൈമാറിയിട്ടുണ്ടെന്നും, ആവശ്യമായപ്പോൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് യാസിർ അറിയിച്ചു.
കെഎസ്‌യു പുറത്തിറക്കിയ കുറിപ്പ്
കഴിഞ്ഞ ദിവസം വാർത്താ മാധ്യമങ്ങളിൽ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടു കെ.എസ്.യു,ജില്ലാ വൈസ് പ്രസിഡന്റ് സി.എ റംഷാദ്, നിയോജകമണ്ഡലം സെക്രട്ടറി അസ്‌ലം എന്നിവർ തൃത്താലയിലെ മുതിർന്ന നേതാക്കളായ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം,സി.വി ബാലചന്ദ്രൻ മാസ്റ്റർ എന്നിവർക്കെതിരെ പാർട്ടിയുടെ അച്ചടക്കം ലംഘിക്കുന്ന തരത്തിൽ പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കുകയുണ്ടായി. ഈ പ്രതികരണവുമായി ബന്ധപ്പെട്ടു നിയോജക മണ്ഡലം കമ്മിറ്റിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ല എന്നും, നിയോജകമണ്ഡലം കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ഈ ഭാരവാഹികളുടെ പ്രതികരണം എന്നും അറിയിക്കുകയാണ്. പാർട്ടിക്ക് അകത്തു പറഞ്ഞു തീർക്കേണ്ട വിഷയം പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത് തീർത്തും സംഘടന വിരുദ്ധവും,പാർട്ടിയുടെ അച്ചടക്കത്തെ ലംഘിക്കുന്നതുമാണ്. തെരെഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് മാത്രമല്ല തൃത്താലയിലെ കെപിസിസി ഭാരവാഹികളിലെ ചില നേതാക്കളെ മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം പരസ്യ പ്രതികരണങ്ങൾ ഇവർ മുന്നേയും നടത്തിയിരുന്നു. ഈ വിഷയം മേൽ കമ്മിറ്റികളെ അറിയിച്ചിട്ടുണ്ട് ആവശ്യമെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറിയിക്കുന്നു.
യാസിർ
നിയോജകമണ്ഡലം പ്രസിഡന്റ്
KSU തൃത്താല നിയോജകമണ്ഡലം കമ്മിറ്റി