ആനക്കര ചേക്കോട് വീട്ടില്‍നിന്നും എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ചയാണ് ഉന്നത പൊലീസ് സംഘം വീടുവളഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചേക്കോട് മോഴിയത്ത് വളപ്പില്‍ നൗഷിദ് (30), കുമരനല്ലൂര്‍ പളളിയാലില്‍ അന്‍വര്‍ സാദിഖ് (30) എന്നിവരാണ് റിമാൻഡിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ചാലിശ്ശേരി എസ്.ഐ ശ്രീലാലും സംഘവുമാണ് പ്രതികളെ കണ്ടത്. ചേക്കോടുളള നൗഷിദിന്റെ വീടിന് സമീപം സംശയാസ്പദമായി നില്‍ക്കുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. പരിശോധനക്കിടെ നൗഷിദിന്റെ ഷര്‍ട്ടിലെ സൈഡ് പോക്കറ്റില്‍നിന്ന് 2.2 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ടുപേരെയും അറസ്റ്റു ചെയ്തു.
പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ചെറിയ തൂക്കുയന്ത്രം, ഉപയോഗത്തിനായി മാറ്റിയെടുത്ത പൈപ്പ് ഭാഗങ്ങള്‍, 15 സിപ്പ്‌ലോക്ക് കവര്‍ എന്നിവയും കണ്ടെത്തി. പിടിച്ചെടുത്ത ലഹരിമരുന്നും ഉപകരണങ്ങളും തൃത്താല പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാലിശ്ശേരി എസ്.ഐ എസ്.ശ്രീലാല്‍, തൃത്താല എസ്.ഐ ഹംസ, സി.പി.ഒമാരായ സതീഷ് കുമാര്‍, സ്മിത, വി.ആര്‍. ശ്രീരാജ്, ഡാന്‍സാഫ് അംഗങ്ങളായ കമല്‍, ഷണ്‍ഫീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
