ന്യൂഡല്‍ഹി: നാളെ ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഹരിയാനയില്‍ വോട്ട് ക്രമക്കേട് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം സര്‍ക്കാര്‍ ചോരിയെന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഗുരുനാനാക്കിനെ അനുസ്മരിച്ചായിരുന്നു രാഹുൽ തുടങ്ങിയത്. 100 ശതമാനവും യാഥാര്‍ത്ഥ്യമാണ് പറയാന്‍ പോകുന്നതെന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.
'രാജ്യം മുഴുവന്‍ തട്ടിപ്പ് നടന്നു. ഹരിയാന എക്‌സിറ്റ് പോള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റല്‍ ബാലറ്റില്‍ 73 സീറ്റ് കോണ്‍ഗ്രസിനും 17 സീറ്റ് ബിജെപിക്കുമായിരുന്നു. വീണ്ടും വീണ്ടും പരിശോധിച്ചാണ് അന്തിമ നിഗമനത്തിലേക്ക് എത്തിയത്. യുവാക്കളായ ജെന്‍സി വിഭാഗം അവരുടെ ഭാവി എന്താണെന്ന് തിരിച്ചറിയണം', രാഹുല്‍ ഗാന്ധി പറഞ്ഞു.
വോട്ട് തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവിട്ടായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം. ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് ഹരിയാനയില്‍ 22 വോട്ടുകള്‍ ചെയ്‌തെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി. ഒരേ ഫോട്ടോ വെച്ച് വ്യത്യസ്ത പേരില്‍ പത്ത് ബൂത്തുകളിലായാണ് 22 വോട്ട് രേഖപ്പെടുത്തിയത്.
വാർത്താ സമ്മേളനത്തിൽ നിന്നുംഹരിയാനയില്‍ 25 ലക്ഷം വോട്ട് കൊള്ളയാണ് നടന്നതെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. '5,21,619 ഇരട്ട വോട്ടുകളാണ് ഹരിയാനയില്‍ കണ്ടെത്തിയത്. ആകെ വോട്ടര്‍മാര്‍ രണ്ട് കോടി. എട്ടില്‍ ഒരു വോട്ട് വ്യാജം. രണ്ട് കോടി വോട്ടര്‍മാരില്‍ 25 ലക്ഷം വോട്ട് കൊള്ള. ഇതില്‍ 25 ലക്ഷം കള്ള വോട്ടാണ്. ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ 100 വോട്ടുണ്ട്. ഒറ്റ ഫോട്ടോ, ഒരു മണ്ഡലം, 100 വോട്ട്. വോട്ടര്‍ പട്ടികയില്‍ ഒരേ ഫോട്ടോ, ഒരേ പേര്. 104ാം നമ്പര്‍ വീട്ടില്‍ നൂറുകണക്കിന് വോട്ടുകളാണുള്ളത്. രണ്ട് ബൂത്തുകളിലായി ഒരു സ്ത്രീ 223 വോട്ട് ചെയ്തു', രാഹുല്‍ ഗാന്ധി പറഞ്ഞു.
12,477 വോട്ടുകള്‍ വ്യാജ ഫോട്ടോകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത്രയും വോട്ടുകളില്‍ ബ്ലര്‍ ചെയ്ത ഫോട്ടോകളാണ് ഉപയോഗിച്ചതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വ്യാജ വോട്ടുകളുടെ ഫയലുകളും രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 'ഉത്തര്‍പ്രദേശില്‍ വോട്ടര്‍ ഐഡിയുള്ള സര്‍പഞ്ച് ഹരിയാനയിലും വോട്ട് ചെയ്യുന്നു. ആയിരക്കണക്കിന് ആളുകള്‍ ഹരിയാനയിലും യുപിയിലും വോട്ട് ചെയ്യുന്നു', അദ്ദേഹം പറഞ്ഞു.
