തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മർദിച്ചെന്ന പരാതിയിൽ മൂന്നു പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസന്‍റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് പാർലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നാണ് വിവരം. എം.എൽ.എമാരുടെ നടപടി അതിരുവിട്ടെന്ന് മന്ത്രി രാജേഷ് സഭയിൽ പറഞ്ഞു.
വാച്ച് ആൻഡ് വാർഡുമാർക്കെതിരേ തുടർച്ചയായി പ്രതിപക്ഷ എം.എൽ.എമാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നുവെന്നും സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളുണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പ്രമേയത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
സഭയിൽ ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം നാലാം ദിനവും തുടർന്നു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇരിപ്പിടത്തിലേക്ക് എത്തിയതുമുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ മറച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധ ബാനര്‍ പിടിച്ചുവാങ്ങാൻ വാച്ച് ആൻഡ് വാർഡ് ജീവനക്കാരോട് സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടത് നാടകീയ രംഗങ്ങൾക്കിടയാക്കി.
പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബഹളത്തിനിടയിലും സഭയില്‍ ചോദ്യോത്തരവേള തുടർന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ ദേഹനിന്ദ പരാമർശം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സഭയിൽ ഉന്നയിച്ചു. എന്നാല്‍, മുഖ്യമന്ത്രി ആരുടെയും പേരെടുത്തുപറഞ്ഞില്ലെന്ന് പറഞ്ഞ് മന്ത്രി എം.ബി. രാജേഷ് പ്രതിരോധിച്ചു. പിന്നാലെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്കിറങ്ങി.
