സംസ്ഥാന സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങി. സെപ്‌തംബറിലെ പെൻഷനായ 1600 രൂപയാണ് വിതരണം ചെയ്യുന്നത്. ജില്ലയിൽ 4,49,432 പേർക്കാണ് പെൻഷൻ നൽകുന്നത്. അതിൽ 3,05,186 പേർക്ക് സഹകരണ സംഘങ്ങൾ മുഖേന ഗുണ ഭോക്താക്കൾക്ക് നേരിട്ട് വിടുകളിലെത്തിക്കും.
ബാക്കിയുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയുമാണ് നൽകുക. സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണത്തിന് 45.65 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കർഷകത്തൊഴിലാളി, വാർധക്യകാല, അംഗപരിമിത, അവിവാഹിത, വിധവ ഇനങ്ങളിലായുള്ള പെൻഷനാണ് അനുവദിച്ചത്.
ജില്ലയിലെ 96 സഹകരണ സംഘങ്ങളിലെ 1730 ഏജൻറുമാർ മുഖേന പെൻഷൻ വിതരണം അടിയന്തരമായി പൂർത്തിയാക്കാൻ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
