സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായ പെരിങ്ങോട് സ്വദേശി തമിഴ്നാട്ടിൽ കസ്റ്റഡിയിൽ

കൂറ്റനാട്: സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായതായി വിവിധ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന അഞ്ച് പേരെ തമിഴ്നാട്ടിലെ കാഞ്ചിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. സ്വർണ്ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

ചാലിശ്ശേരി പോലീസ് പരിധിയിലെ പെരിങ്ങോട് സ്വദേശി കുഞ്ഞിമുഹമ്മദ് (31), പാലക്കാട് മുണ്ടൂരിലെ സന്തോഷ് (42), തൃശ്ശൂർ കോടാലി സ്വദേശി ജയൻ (46), കൊല്ലം സ്വദേശികളായ റിഷാദ് (27), സുജിലാൽ (36) എന്നിവരെയാണ് കാഞ്ചിപുരം പോലീസ് ഒക്ടോബർ 25-ന് അറസ്റ്റ് ചെയ്തത്.

ആഗസ്ത് മാസത്തിൽ പാലക്കാട്‌, തൃശ്ശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിലെ വിവിധ സ്റ്റേഷനതിർത്തികളിൽ നിന്നും കാണാതായതായി രേഖപ്പെടുത്തിയവരാണ് ഇവർ. ചാലിശ്ശേരി, പൊന്നാനി, ചാവക്കാട് തുടങ്ങിയ സ്റ്റേഷനുകളിലും മിസ്സിങ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

പാർസൽ സ്ഥാപനം നടത്തുന്ന ഉടമയിൽ നിന്ന് വാഹനം തടഞ്ഞ് നിർത്തി നാലര കോടിയിലധികം വില വരുന്ന സ്വർണ്ണം തട്ടിയെടുത്ത സംഭവത്തിലാണ് തമിഴ്നാട് പോലീസ് ഇവരെ പിടികൂടിയത്. പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരുടെ മലയാളി ബന്ധം വെളിവായത്.

തമിഴ്നാട് പോലീസ് സംസ്ഥാന പോലീസിനോട് വിലാസ പരിശോധനയ്‌ക്കായി സഹായം തേടിയതോടെയാണ് ഇവർ കാണാതായ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് സ്ഥിരീകരിച്ചത്. തമിഴ്നാട് പോലീസും കേരള പോലീസും ചേർന്ന് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം