തൃത്താല ∣ കേരളത്തിലെ പ്രധാന അടക്ക വിപണിയായ ചാലിശ്ശേരി പഴയ അടക്ക മാർക്കറ്റിൽ ദീപാവലി മുഹൂർത്ത കച്ചവടം നിറഞ്ഞോജസ്സോടെ നടന്നു. ഉത്തരേന്ത്യൻ രീതിയിൽ നടന്ന ഈ പ്രത്യേക കച്ചവടത്തിനായി തിങ്കളാഴ്ച 6500 തുലാം അടക്ക വിപണിയിൽ എത്തിയതോടെ മാർക്കറ്റ് പുഞ്ചിരിയോടെ നിറഞ്ഞു.
ഞായറാഴ്ച മുതൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 2000-ലധികം ചാക്ക് അടക്ക മാർക്കറ്റിൽ എത്തി. മുഹൂർത്ത കച്ചവടത്തിൻ്റെ ഭാഗമായി A-വൺ ഗ്രേഡ് അടക്കയ്ക്ക് കിലോയ്ക്ക് ₹507.50 വരെ വില ലഭിച്ചു. പുതിയ അടക്കയ്ക്ക് ₹450, പട്ടോർ ₹350, കോക്ക ₹250, ലാലി ₹280 എന്നിങ്ങനെ നിരക്ക് രേഖപ്പെടുത്തി. ലേലം വൈകിട്ട് അഞ്ചുവരെ നീണ്ടുനിന്നു.
കേരളത്തിലെ വിവിധ ജില്ലകളിലും മറ്റുരാജ്യങ്ങളിലുമുള്ള വ്യാപാരികൾ എത്തിയതോടെ മാസങ്ങൾക്ക് ശേഷം ചുമട്ടുതൊഴിലാളികൾക്കും മികച്ച പണി ലഭിച്ചു. മാർക്കറ്റ് സമിതി എല്ലാ പങ്കെടുത്തവർക്കും മധുരവിതരണവും നടത്തി.
അടുത്തിടെയായി ഇന്ത്യയ്ക്ക് പുറത്തുനിന്ന് അടക്ക ഇറക്കുമതി വർദ്ധിച്ചതിനെ തുടർന്ന് വില ഇടിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചകളിലായി കിലോയ്ക്ക് ₹450–₹475 നിരക്കിലാണ് വിൽപന നടന്നത്. 2023-ൽ 228 ടൺ, 2024-ൽ 160 ടൺ അടക്ക എത്തിയപ്പോൾ, ഇത്തവണ 130 ടൺ മാത്രമാണ് എത്തിയത്. കോവിഡ് കാലത്ത് കിലോയ്ക്ക് ₹625 വരെ വില ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത്രയും ഉയർന്ന വില കർഷകർക്ക് ലഭിച്ചിട്ടില്ല.
1953-ൽ സ്ഥാപിതമായ ചാലിശ്ശേരി പഴയ അടക്ക മാർക്കറ്റിൽ 2023 മുതൽ ദീപാവലി മുഹൂർത്ത കച്ചവടം ആരംഭിച്ചു. ഉത്തരേന്ത്യയിൽ ദീപാവലി പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായി കണക്കാക്കുന്നതിനാൽ ഈ ദിവസം മുതൽ കച്ചവടം ആരംഭിക്കുന്നത് ഭാഗ്യകരമാണെന്ന വിശ്വാസം നിലനിൽക്കുന്നു.
മാർക്കറ്റിൽ വൈദ്യുത ദീപാലങ്കാരവും ഒരുക്കിയിരുന്നു. മുഹൂർത്ത കച്ചവടത്തിന്ന് രക്ഷാധികാരി ഷിജോയ് തോലത്ത്, പ്രസിഡൻറ് ബഷീർ മണാട്ടിൽ, വൈസ് പ്രസിഡൻറ് സാലിഹ് കാണക്കോട്ടിൽ, സെക്രട്ടറി ബാബു കണ്ടരാമത്ത് എന്നിവർ നേതൃത്വം നൽകി.


