
കൂറ്റനാട്: ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മഹാ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാളിന് ഞായറാഴ്ച കൊടിയേറി. രാവിലെ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു തുടർന്ന് വികാരി പെരുന്നാൾ കൊടി ആശീർവാദവും തുടർന്ന് പെരുന്നാൾ കൊടിയേറ്റവും നടത്തി.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും 340 വർഷം മുമ്പ് കോതമംഗലത്തെത്തി മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ 340 മത് ഓർമ്മപെരുന്നാളാണ് ഇടവക ഒക്ടോബർ 4 5, ശനി, ഞായർ ദിവസങ്ങളിലായി ആഘോഷിക്കുന്നത്.
നാലാം തിയ്യതി ശനിയാഴ്ച വൈകിട്ട് 6.30 ന് സന്ധ്യ നമസ്കാരം, വചന സന്ദേശം, ആശീർവാദം, നേർച്ച വിതരണം എന്നിവ നടക്കും. പെരുന്നാൾ ദിവസം 5 ന് ഞായറാഴ്ച രാവിലെ പ്രഭാത പ്രാർത്ഥന, എട്ടിന് മലബാർ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മോർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും, മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശവും നടത്തും.
പൊൻ - വെള്ളി കുരിശുകളേന്തി നാടിൻ്റെ സർവ്വ ക്ഷേമ ഐശ്വര്യങ്ങൾക്കായി അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണവും തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം പുറത്തെടുത്ത് വിശ്വാസികൾ വണങ്ങും നേർച്ചസദ്യയോടെ പെരുന്നാൾ സമാപിക്കും. കൊടിയേറ്റത്തിന് വികാരി ഫാ. ബിജു മൂങ്ങാം കുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.