പട്ടാമ്പി നിള മുതൽ കുളപ്പുള്ളി ഐ.പി.ടി വരെയുള്ള റോഡ് വികസനത്തിന് വേഗത പോരെന്ന് കുറ്റപ്പെടുത്തുന്നവർ ഒരു വശത്ത്. ഇതിൻ്റെ പേരിൽ നിരന്തരം മുറവിളിയും വാഗ്വാദവും നടക്കുന്നു. പ്രവൃത്തി തുടങ്ങിയപ്പോഴാവട്ടെ, റോഡിന് വീതി കുറഞ്ഞെന്നും സ്വജനപക്ഷപാതം കാണിച്ചെന്നും ആരോപിച്ച് അർധരാത്രി സമരത്തിനിറങ്ങുന്നതും പട്ടാമ്പിയിൽ കാണാനായി.
അതേ സമയം പ്രവൃത്തി തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് ചിലർ കോടതി വിധിയുമായി രംഗത്തെത്തിയതാണ് പുതിയ വിശേഷം. കഴിഞ്ഞ ദിവസം പുറത്തുന്ന കോടതി വിധി കയ്യേറ്റം ഒഴിപ്പിക്കലിനുള്ള സ്റ്റേ ഉത്തരവാണ്. റോഡ് വികസനം നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ട് നാല് വ്യാപാരികൾ നൽകിയ ഹർജിയും തുടർന്ന് കൈയേറിയ സ്ഥലം ഒഴിപ്പിക്കുന്നതിനെതിരെ നേടിയ കോടതി സ്റ്റേ ഉത്തരവും ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്.
നിള -ഐ.പി.ടി റോഡ് നവീകരണത്തിൻ്റെ ഭാഗമായാണ് റോഡിലേക്ക് അനധികൃതമായി ഇറക്കിക്കെട്ടിയത് പൊളിച്ചു നീക്കാൻ നടപടി തുടങ്ങിയത്. ഇതിനെതിരെയാണ് ടൗണിലെ റോഡ് നവീകരണം നിർത്തണമെന്ന ആവശ്യം ഉന്നയിച്ച് നാല് വ്യാപാരികൾ ഹൈക്കോടതിയിൽ പരാതി നൽകിയത്.
എന്നാൽ, പ്രവൃത്തി നിർത്താൻ കോടതി നിർദ്ദേശിച്ചിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. കൈയേറ്റം ഒഴിപ്പിക്കൽ താൽക്കാലികമായി നിർത്തിവയ്ക്കുക മാത്രമാണ് കോടതി ചെയ്തത്. സ്റ്റേ നീക്കാൻ അവശ്യമായ നടപടികൾ നിയമപരമായി സ്വീകരിക്കുമെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ പറഞ്ഞു.
നിലവിൽ മേലേ പട്ടാമ്പി ജി.എം.എൽ.പി സ്കൂൾ വരെയുള്ള ഭാഗത്തെ സർവേ പൂർത്തിയാക്കി കൈയേറ്റം ഒഴിപ്പിക്കൽ പുരോഗമിക്കുന്നതിനിടെയാണ് സ്റ്റേ ഉത്തരവ് വന്നത്. പട്ടാമ്പി ബസ്റ്റാൻ്റ് മുതൽ റെയിൽവേ കമാനം വരെ റോഡ് വീതികുറഞ്ഞ് കുപ്പിക്കഴുത്തു പോലെയാണുള്ളത്. ഈ ഭാഗങ്ങളിൽ കയ്യേറ്റം ഒഴിപ്പിക്കാത്ത പക്ഷം നിലവിൽ നടന്നു വരുന്ന വികസനത്തിൻ്റെ പ്രയോജനം ലഭിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.
